തളിപ്പറമ്പ്: നഗരസഭ ഓഫീസ് കോമ്പൗണ്ടിൽ പിടിച്ചുകെട്ടിയ കന്നുകാലിയെ വാച്ച്മാനെ മർദ്ദിച്ചശേഷം കടത്തിക്കൊണ്ടുപോയ സംഘത്തിനെതിരെ പരാതി നല്കാതെ നഗരസഭയുടെ ഒളിച്ചുകളി. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. നഗരത്തിൽ നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചിരുന്നു. കാലികളെ പിടികൂടാൻ രണ്ടുപേരെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഇവരുടെ നേതൃത്വത്തിൽ ഏതാനും കന്നുകാലികളെ പിടികൂടി നഗരസഭ ഓഫീസിനോടനുബന്ധിച്ച് തയ്യാറാക്കിയ പൗണ്ടിൽ സൂക്ഷിക്കുകയായിരുന്നു. തുടർന്നാണ് ഓഫീസിലെ വാച്ച്മാൻ ഗോപാലകൃഷ്ണനെ ആക്രമിച്ച് മൂന്നംഗ സംഘം കടത്തിക്കൊണ്ടുപോയത്. കാവൽക്കാരന്റെ കൈയിൽ നിന്ന് താക്കോൽ ബലമായിവാങ്ങിയാണ് ഗേറ്റ് തുറന്ന് കന്നുകാലിയെ കൊണ്ടുപോയത്. നഗരസഭ തീരുമാനപ്രകാരം പിടിച്ചുകെട്ടിയ കന്നുകാലിയെ കടത്തിക്കൊണ്ടുപോയിട്ടും പരാതി നൽകാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.