കാഞ്ഞങ്ങാട്: ജില്ലയിലെ ആദ്യത്തെതും കേരളത്തിലെ മൂന്നാമത്തെയും മൊബൈൽ വെറ്ററിനറി ക്ലിനിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ തുടങ്ങി. ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽപ്പെടുത്തിയാണ് ക്ഷീരകർഷകർക്കും മൃഗസ്നേഹികൾക്കും ഗുണകരമായ പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അജാനൂർ, ഉദുമ, പള്ളിക്കര, പുല്ലൂർ- പെരിയ, മടിക്കൈ ഗ്രാമപഞ്ചായത്തുകളിലെ ക്ഷീരകർഷകർക്ക് സൗജന്യമായി വെറ്ററിനറി ഡോക്ടർമാരുടെ സേവനവും മരുന്നും വീട്ടുപടിക്കലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാത്രി വൈകിയും അടിയന്തര സാഹചര്യം വന്നാൽ മൊബൈൽ വെറ്റിനറി ക്ലിനിക്ക് വീട്ടിലെത്തും.
സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. നാഗരാജ പി, അസി. പ്രൊജക്ട് ഓഫീസർ ഡോ. രാമമോഹൻഷെട്ടി തുടങ്ങിയവർ സംസാരിച്ചു.