മാഹി: നവംബർ 13ന് മാഹിയിൽ നടക്കാനിരിക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നിൽ സമയമില്ലെന്നിരിക്കെ, തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശവും, ഗൗരവവും കൈവരിക്കുന്നു. സർക്കാറും കോടതിയും തമ്മിലുള്ള വ്യവഹാരങ്ങളിൽ കാലതാമസത്തിനും, അനിശ്ചിതത്വത്തിനും ഇടയാക്കിയ തിരഞ്ഞെടുപ്പ് വീണ്ടും നീട്ടിവയ്ക്കപ്പെട്ടതോടെ, ചെയർപേഴ്സണ് പകരം ചെയർമാനും, വാർഡുകളുടെ സംവരണം മാറി മറിഞ്ഞതും സ്ഥാനാർത്ഥി ലിസ്റ്റിനേയും അട്ടിമറിച്ചു.
ത്രികോണ മത്സരം നടക്കുന്ന മാഹിയിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ രാപകലില്ലാതെ സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ ഊരാക്കുടുക്കിലാണ്. അദ്ധ്യക്ഷ പദവിയിലേക്ക് യു.ഡി.എഫ് പരിഗണനാ പട്ടികയിൽ പി.പി. വിനോദൻ, കെ. ഹരീന്ദ്രൻ, സത്യൻ കേളോത്ത് എന്നിവരും, എൽ.ഡി.എഫ്.പട്ടികയിൽ അഡ്വ. ടി. അശോക് കുമാർ, വി. ജനാർദ്ദനൻ എന്നിവരുമാണുള്ളത്. എൻ.ഡി.എ.സ്ഥാനാർത്ഥിയാക്കാൻ പരിഗണിക്കുന്നത് ബി. ഗോകുലനേയോ, എ. സുനിലിനേയോ ആണ്. കോൺഗ്രസ് വിവിധ വാർഡുകളിൽ നിന്നുള്ള സ്ഥാനാർത്ഥി മോഹികളുടെ പട്ടികയിൽ നിന്നാണ് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ആറാം വാർഡിൽ കെ. സുരേഷ് മാത്രമാണ് ഏകസ്വരത്തിൽ നിർദ്ദേശിക്കപ്പെട്ട പേര്. എൻ.ഡി.എ. മുന്നണിയിൽ രണ്ട് സീറ്റിൽ എൻ.ആർ കോൺഗ്രസ് മത്സരിക്കും.
ഒന്നാം വാർഡിൽ മുൻ കൗൺസിലർ കെ. മോഹനൻ (കോൺ.), മൊട്ടേമ്മൽ ശൈലജ (സി.പി.എം), രണ്ടാം വാർഡിൽ മുൻ നഗരസഭാംഗം വി. ജനാർദ്ദനൻ (സി.പി.എം), കെ.കെ. ശ്രീജിത്ത് / ശിവൻ തിരുവങ്ങാടൻ (കോൺ.), ഞള്ളി പ്രദീപൻ (എൻ.ഡി.എ), മൂന്നാം വാർഡ്: മുൻ നഗരസഭാംഗം ഉത്തമൻ തിട്ടയിൽ (കോൺ.), വിജയൻ കൈനാടത്ത് (സി.പി.ഐ) പനത്തറ ഹരിദാസൻ (ബി.ജെ.പി.), വാർഡ് നാല്: പി.ടി.സി ശോഭ (കോൺ.), മറ്റ് മുന്നണികളിൽ വ്യക്തമല്ല, അഞ്ചാം വാർഡ്: അരിക്കുളത്ത് ബഷീർ (മുസ്ലിം ലീഗ്), സജയൻ (സി.പി.എം), വാർഡ് ആറ്: വി. സുരേഷ് (കോൺ.), അങ്കവളപ്പിൽ ദിനേശൻ (ബി.ജെ.പി), ശ്രീജിത്ത് / പ്രദീശൻ (സി.പി.എം), വാർഡ് ഏഴ് ഷീന വാണിയങ്കണ്ടി (കോൺ.), സുനിഷ (സി.പി.എം), വാർഡ് എട്ട്: സൈനബ മനോളി , സി.പി. ശ്രീകാന്ത് / വി.എം.രമേശൻ (സി.പി.എം), മുഹമ്മദ് മുബാഷ് / പി.വി.ചന്ദ്രദാസ് (കോൺ.), വാർഡ് ഒൻപത്: ശ്യാംജിത്/ അജിത് (കോൺ.) പി. മോഹനൻ (സി.പി.എം), രതീബ് (ബി.ജെ.പി), വാർഡ് 10: നളിനി ചാത്തു (കോൺ.), സി.കെ. രാജലക്ഷ്മി / പ്രേമ കുമാരി (സി.പി.എം), എൻ.ഡി.എ.പട്ടിക പുർത്തിയായില്ല എന്നിവരാണ് സാദ്ധ്യതാ പട്ടികയിൽ.