കേളകം: കേളകം ടൗണിലെ ഗൂർഖയ്ക്ക് മോഷ്ടാക്കളെന്നു സംശയക്കുന്നവരിൽ നിന്നും കുത്തേറ്റു. ദിൽ ബഹാദൂറിനാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 1.30 മണിയോടെ കേളകം മഹാറാണി ടെക്സ്റ്റൈൽസിന് പിന്നിൽ സംശയാസ്പദമായി കണ്ട മൂന്നുപേരെ ചോദ്യം ചെയ്തപ്പോൾ അവർ ബസ് സ്റ്റാൻഡ് റോഡിലൂടെ ഓടുകയും, ഇവരെ പിന്തുടർന്ന ഗൂർഖ ഒരാളെ ഓടിച്ചിട്ട് പിടിക്കുകയും ചെയ്തു. പിടിക്കപ്പെട്ടതോടെ ഇയാൾ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. കത്തി തട്ടിമാറ്റാൻ ശ്രമിച്ചപ്പോഴാണ് ഗൂർഖയുടെ കൈക്ക് കുത്തുകൊണ്ടത്. കുത്തേറ്റെങ്കിലും സാഹസികമായി ഇയാളെ പിടിച്ചുവച്ചുതന്നെ പൊലീസിൽ വിവരം അറിയിച്ചു. കേളകം പൊലീസ് സ്ഥലത്തെത്തി കത്തിയുൾപ്പെടെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പൊലീസിൽ പരാതിയും നൽകി.
ഒരു വർഷം മുമ്പാണ് വ്യാപാരികളുടെ നേതൃത്വത്തിൽ ദിൽ ബഹാദൂറിനെ കേളകത്തെ ഗൂർഖയായി നിയമിച്ചത്. ദിൽ ബഹാദൂറിനെ നാട്ടുകാരും വ്യാപാരികളും അഭിനന്ദിച്ചു.