air-india

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വൈഡ് ബോഡി വിമാനസർവീസ് വൈകും. ഇതുകാരണം കണ്ണൂർ-ബഹ്റൈൻ സെക്ടറിൽ താൽക്കാലികമായി വിമാന കമ്പനി ടിക്കറ്റ് ബുക്കിംഗ് നിർത്തിവച്ചു. എയർ ഇന്ത്യയാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നു വൈഡ് ബോഡി വിമാനം സ്ഥിരം സർവീസ് പ്രഖ്യാപിച്ചത്. ബെംഗളൂരു -കണ്ണൂർ-ബൻ സെക്ടറിലായിരുന്നു എയർ ഇന്ത്യ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയത്.

വൈഡ് ബോഡി വിമാനം പറത്തുമ്പോഴുള്ള വലിയ ചെലവാണു താൽക്കാലികമായി ടിക്കറ്റ് ബുക്കിംഗ് അവസാനിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്, എയർഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ നടക്കുന്ന സാഹചര്യത്തിൽ ഈ സർവീസിന്റെ കാര്യത്തിൽ തീരുമാനം അൽപം വൈകിയേക്കും. എയർ ഇന്ത്യയാണു വിന്റർ ഷെഡ്യൂളിൽ ഉൾപ്പെടുത്തി ഒക്ടോബർ 16 മുതൽ മാർച്ച് 26 വരെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയത്.

ശനിയാഴ്ചകളിൽ സർവ്വീസ് നടത്തുന്നതിനായിരുന്നു ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. 254 പേർക്കു യാത്ര ചെയ്യാൻ കഴിയുന്ന ബോയിംഗ് 787-8 വിമാനമാണ് എയർ ഇന്ത്യ ബഹ്റൈൻ സെക്ടറിൽ ഉപയോഗിക്കാൻ തീ രുമാനിച്ചിരുന്നത്. കണ്ണൂർ-ഡൽഹി സെക്ടറിലും എയർ ഇന്ത്യ താൽക്കാലികമായി സർവീസ് അവസാനിപ്പിച്ച് ടിക്കറ്റ് ബുക്കിംഗ് നിർത്തി. ആഴ്ചയിൽ രണ്ടു ദിവസമാണ് എയർ ഇന്ത്യ കണ്ണൂർ-ഡൽഹി സെക്ടറിൽ സർവീസ് നടത്തിയിരുന്നത്.