കാസർകോട്: സർക്കാരിന്റെ മുഴുവൻ ഏജൻസികളുടെയും കണ്ണുകെട്ടി വോർക്കാടി ഗ്രാമ പഞ്ചായത്തിൽ വൻതോതിൽ അനധികൃത കരിങ്കൽ ഖനനം. ആവശ്യമായ രേഖകളൊന്നും ഇല്ലാതെ പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്നും ക്രഷറിൽ നിന്നും ടൺ കണക്കിന് കരിങ്കല്ലുകളാണ് ടോറസ് ലോറികളിൽ പുറത്തേക്ക് പോകുന്നത്. പാസില്ലാതെ ടോറസ് ലോറികൾ കരിങ്കല്ലുകളുമായി കിലോമീറ്ററുകൾ ദൂരത്തേക്ക് കുതിച്ചുപായുന്നത് കണ്ടിട്ടും പൊലീസടക്കമുള്ള ഏജൻസികൾ കണ്ടില്ലെന്ന് നടിക്കുകയാണ്.
ലൈസൻസടക്കം യാതൊരു രേഖയുമില്ലാതെ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. വർഷങ്ങളായി പൂട്ടിക്കിടന്ന ക്വാറിയും ക്രഷറും മലപ്പുറത്തെ വൻലോബികൾ വാടകക്കെടുത്താണ് ഇപ്പോൾ നടത്തുന്നത്. മഞ്ചേശ്വരത്തെ പ്രമുഖന്റേതായിരുന്നു സ്ഥാപനം. രേഖകളൊന്നും ഇല്ലാതിരുന്നതിനാൽ കുറേക്കാലം കർണാടകയിൽ നിന്ന് കരിങ്കല്ല് കൊണ്ടുവന്നാണ് ക്രഷർ പ്രവർത്തിച്ചിരുന്നത്. പിന്നീട് അടച്ചിട്ടു. രണ്ടുവർഷമായി മലപ്പുറം സംഘം വാടകയ്ക്ക് എടുത്തു നടത്തിവരികയാണ്.
ഒരു ദിവസം 12000 അടി കരിങ്കല്ലുകൾ ഇവിടെ നിന്ന് ഖനനം ചെയ്തെടുക്കുന്നുണ്ട്. ഇത് പുറത്തേക്ക് കടത്തുന്നതിന് ടോറസ് വാഹനങ്ങളിൽ പാസ് കരുതണം. 35, 40 കിലോമീറ്റർ ചുറ്റളവിൽ കരിങ്കല്ലുകൾ കടത്തുമ്പോഴും അധികൃതർ കണ്ണുചിമ്മുകയാണെന്ന് ജനകീയ സമിതി ആരോപിക്കുന്നു. ലൈസൻസുള്ള ക്വാറിക്ക് മാത്രമേ പാസ് അനുവദിക്കുകയുള്ളൂ എന്നാണ് ചട്ടം.
പരാതിയുമായി ജനകീയ സംരക്ഷണസമിതി
നാടിന് ഭീഷണിയായ കരിങ്കൽ ക്വാറിക്കും ക്രഷറിനുമെതിരെ നൽകിയ പരാതികളൊന്നും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. അനധികൃത ഖനനം തടയണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച ജനകീയ സംരക്ഷണ സമിതി, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ, കാസർകോട് കളക്ടർ, കാസർകോട് ആർ.ഡി.ഒ, കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി, കാസർകോട് ഡിവൈ.എസ്.പി തുടങ്ങി നിരവധി ഉദ്യോഗസ്ഥർക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. ക്രഷറും ക്വാറിയും പ്രവർത്തിക്കുന്നതിന് ജിയോളജി വകുപ്പിന്റെ ലൈസൻസും പൊലൂഷൻ കൺട്രോൾ ബോർഡിന്റെ പാരിസ്ഥിതിക അനുമതിയും പഞ്ചായത്ത്, റവന്യൂ വകുപ്പുകളുടെ അനുമതിയും ആവശ്യമാണ്. ഇതിന് പുറമെ കരിങ്കൽ വില്പന നടത്തുന്നതിനുള്ള ഡീലർ ലൈസൻസ് രണ്ടു വർഷമായി പുതുക്കിയിട്ടില്ല. 2018-19 വർഷമാണ് ഏറ്റവും ഒടുവിൽ പുതുക്കിയതെന്നാണ് രേഖകൾ.
അധികൃതരെ തെറ്റിദ്ധരിപ്പിച്ചും കണ്ണുവെട്ടിച്ചുമാണ് വൻതോതിൽ കരിങ്കല്ലുകൾ കുഴിച്ചെടുത്തു പൊട്ടിക്കുന്നത്. നാട്ടിലെ ജനങ്ങൾക്ക് കുടിവെള്ള ക്ഷാമം ഉണ്ടാക്കുന്ന ആരോഗ്യത്തിന് കടുത്ത ഭീഷണിയാകുന്ന ഖനനം തടയാൻ അടിയന്തര നടപടി ആവശ്യമാണ്.
കൺവീനർ, ജനകീയ സംരക്ഷണ സമിതി