കണ്ണൂർ: സി.വി. ബാലകൃഷ്ണൻ രചിച്ച മലയാള നോവൽ സാഹിത്യത്തിലെ നിത്യവിസ്മയമായ ‘ആയുസ്സിന്റെ പുസ്തകം’ ഇനി ഇംഗ്ളീഷിലും വായിക്കാം.
ദി ബുക്ക് ഓഫ് പാസിംഗ് ഷാഡോസ് എന്ന പേരിൽ കോട്ടയം സി.എം.എസ് കോളജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി.എം. യേശുദാസൻ ആണ് പുസ്തകം ഇംഗ്ളീഷിലേക്കു മൊഴിമാറ്റിയിരിക്കുന്നത്. നോവൽ 13ന് തിരുവനന്തപുരം പ്രസ് ക്ളബിൽ ഡോ. ശശി തരൂർ എം.പി പ്രകാശനം ചെയ്യും. ഡൽഹിയിലെ നിയോഗി ബുക്സാണ് പ്രസാധകർ.
37 വർഷം മുമ്പ് സി.വി. ബാലകൃഷ്ണൻ എഴുതിയ ‘ആയുസ്സിന്റെ പുസ്തകം’ ഇതിനകം 24 പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. നേരത്തെ ആയുസ്സിന്റെ പുസ്തകം തമിഴിലേക്കു മൊഴിമാറ്റിയിരുന്നു. കൃഷ്ണമൂർത്തി മൊഴിമാറ്റിയ കൃതിയുടെ പേര് ‘ഉയിർ പുത്തകം’ എന്നായിരുന്നു.
നോവലിനു പശ്ചാത്തലമായത് കാസർകോട് ജില്ലയിലെ മാലോത്ത് കസബ എന്ന ഗ്രാമമാണ്. സി.വി. ബാലകൃഷ്ണൻ അവിടെ സർക്കാർ സ്‌കൂളിൽ അദ്ധ്യാപകനായിരുന്ന കാലത്തെ പ്രകൃതിയും അറിഞ്ഞ മനുഷ്യരുമാണ് പിന്നീട് കൊൽക്കത്തയിൽ വച്ച് ആയുസ്സിന്റെ പുസ്‌തകത്തിന്റെ താളുകളിലേക്കു ഇറങ്ങിവന്നത്.
ഇനി സിനിമയിലേക്ക്
‘ആയുസ്സിന്റെ പുസ്തകം’ സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് സി.വി. ബാലകൃഷ്ണൻ. കോട്ടയത്താണു സിനിമയുടെ ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. തിരക്കഥയും സംവിധാനവും സി.വി. ബാലകൃഷ്ണൻ തന്നെ. ഒട്ടേറെ സിനിമകൾക്കു തിരക്കഥ എഴുതിയ സി.വി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നോവലിനെ സുവീരൻ നാടകത്തിലേക്കു കൊണ്ടുപോയപ്പോൾ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിരുന്നു.
ഏതെങ്കിലുമൊരു സ്ഥലത്തെയോ കാലത്തെയോ അടയാളപ്പെടുത്തുന്ന നോവലല്ല ഇത്. അതിലടങ്ങിയിരിക്കുന്നത് എക്കാലത്തെയും മനുഷ്യാവസ്ഥകളാണ്. അതുകൊണ്ട് ഏതു ഭാഷയ്ക്കും ഇണങ്ങും. ഇംഗ്ളീഷിലാകുമ്പോൾ കുറെക്കൂടി വിപുലമായ ഒരു വായനാസമൂഹത്തിലേക്ക് എത്തുന്നതും സന്തോഷകരമായ കാര്യമാണ്. കുറെ വൈകിയാണെങ്കിലും എഴുത്തുകാരൻ എന്ന നിലയിൽ ഏറെ സംതൃപ്തി നൽകുന്നുണ്ട്.
സി.വി. ബാലകൃഷ്ണൻ