കാസർകോട്: സ്വർണ ഇടപാടുകാരനായ മഹാരാഷ്ട്ര സ്വദേശി രാഹുലിനെ (35) തട്ടികൊണ്ടുപോയി 65 ലക്ഷം രൂപ കവർന്ന സംഭവത്തിൽ ഏഴര ലക്ഷം രൂപ കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി.അജിത് കുമാറും സംഘവും കണ്ടെത്തി. കേസിൽ അറസ്റ്റിലായ തൃശൂർ കുട്ടനല്ലൂർ എളംതുരുത്തി ചിറ്റിലപള്ളി ഹൗസിലെ ബിനോയ് സി. ബേബിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പണം കണ്ടെടുത്തത്.
കേസിലെ സൂത്രധാരൻ ഉൾപ്പെടെ ഒളിവിലാണ്. തൃശൂർ ജില്ലയിലെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു കിലോ സ്വർണം കവർന്ന കേസിലെ പ്രതികളുടെ സംഘമാണിത്. ആ കേസിൽ പൊലീസ് ഏറെ പണിപ്പെട്ടിട്ടും പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കവർച്ച സംഘത്തിന് താമസിക്കാൻ ഉൾപ്പെടെ സൗകര്യം ചെയ്തുകൊടുത്ത മൊഗ്രാലിലെ വീട്ടുടമയും സുഹൃത്ത് കുമ്പള സ്വദേശിയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി. ഇവരെ കണ്ടെത്താനും ബാക്കിയുള്ള പത്തോളം പ്രതികളെ പിടികൂടുന്നതിനും അന്വേഷണ സംഘം തിരച്ചിൽ തുടരുകയാണ്.
സെപ്റ്റംബർ 22 നാണ് മൊഗ്രാൽ പുത്തൂർ പാലത്തിന് സമീപത്ത് നിന്ന് വ്യാപാരി സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി രണ്ട് ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി 65 ലക്ഷം കവർന്നത്. സംഭവത്തിൽ വയനാട് പനമരം നടവയൽ കായക്കുന്നു കിഴക്കേതുമ്പത്ത് ഹൗസിൽ അഖിൽ ടോമി (24), തൃശൂർ കുട്ടനല്ലൂർ എളംതുരുത്തി ചിറ്റിലപള്ളി ഹൗസിലെ ബിനോയ് സി. ബേബി (25), വയനാട് പുൽപ്പള്ളി പെരിക്കല്ലൂർ പുത്തൻപുരക്കൽ ഹൗസിലെ അനു ഷാജു (28) എന്നിവരെ അന്വേഷണ സംഘം തൊട്ടുപിറകെ അറസ്റ്റ് ചെയ്യുകയായിരുന്നു. എളുപ്പത്തിൽ പിടിക്കപ്പെടാതിരിക്കാൻ ഓരോ ജില്ലയിൽ നിന്നും ഒന്നും രണ്ടും പേരെ ഉൾപ്പെടുത്തിയാണ് കവർച്ചസംഘം ഉണ്ടാക്കിയതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.