തൃക്കരിപ്പൂർ: ഒറ്റനമ്പർ ലോട്ടറി ഇടപാടിലെ മുഖ്യകണ്ണിയായ രണ്ടുപേരെ ചന്തേര പൊലീസ് പിടികൂടി. മാച്ചിക്കാട് സ്വദേശികളായ പി.കെ അജീഷ്, സി. വിജേഷ് എന്നിവരെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ലോട്ടറി വിൽപനയിലൂടെ നേടിയ 7200 രൂപയും രണ്ട് മൊബൈൽ ഫോണുകളും സഞ്ചരിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു.

ചെറുവത്തൂർ, പടന്ന, തൃക്കരിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒറ്റനമ്പർ ലോട്ടറി വ്യാപകമാകുന്നു എന്ന് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ എം.വി ശ്രീദാസിന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിലാണ് രണ്ട് പേരും അറസ്റ്റിലായത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു. വാട്സ് ആപ്പ്, ഗൂഗിൾ പേ എന്നിവ ഉപയോഗിച്ച് ലക്ഷങ്ങളുടെ ഇടപാടാണ് ദിനംപ്രതി ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിലൂടെ നടത്തുന്നത്. സമാന്തര ലോട്ടറി ചൂതാട്ടത്തിൽ സംസ്ഥാന ഗവ.ന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. അമിത ലാഭം പ്രതീക്ഷിച്ച് നിരവധിയാളുകൾ ഓൺലൈൻ ചൂതാട്ടത്തിൽ പെട്ടുപോകുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ഇത്തരം ചൂതാട്ടക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും രണ്ട് പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളതെന്നും ചന്തേര സബ് ഇൻസ്പെക്ടർ എം.വി ശ്രീദാസ് പറഞ്ഞു.

പ്രതികളുടെ മൊബൈൽ ഫോണുകൾ വിശദമായ പരിശോധകൾക്ക് വിധേയമാക്കി ചൂതാട്ടത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കെതിരെയും നടപടി ഉണ്ടാകുമെന്നു പൊലീസ് അറിയിച്ചു. ഓൺലൈൻ ചൂതാട്ടത്തിൽ ഏർപ്പെട്ട നിരവധി ചെറുപ്പക്കാരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അവർ പൊലീസിന്റെ നിരീക്ഷണത്തിലുമാണ്. റെയിഡിന് എ.എസ്.ഐമാരായ എ.യു ദിവാകരൻ, ടി. തമ്പാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജീവൻ കളത്തിൽ, സജിത, സിവിൽ പൊലീസ് ഓഫീസർമാരായ രതീഷ് കെ, ഷൈജു, പൊലീസ് ഡ്രൈവർ ധനേഷ് എന്നിവർ നേതൃത്വം നൽകി.