കണ്ണൂർ: കായിക രംഗത്തെ സംഭാവനകൾക്ക് കേരളത്തിലെ ഏറ്റവും മികച്ച കോളേജിനുള്ള സംസ്ഥാന സർക്കാരിന്റെ ജി.വി രാജാ സ്റ്റേറ്റ് സ്‌പോർട്സ് ബെസ്റ്റ് കോളേജ് അവാർഡ് കണ്ണൂർ എസ്.എൻ കോളേജിന് ലഭിച്ചു.
മലബാറിന്റെ കായിക ഭൂപടത്തിൽ മറ്റാർക്കും അവകാശപ്പെടാൻ പറ്റാത്തത്ര നേട്ടം കൈവരിക്കുകയും നിരവധി അന്തർദേശീയ കായിക താരങ്ങളെ വളർത്തിയെടുക്കുകയും ചെയ്ത എസ്.എൻ കോളേജിനു ലഭിച്ച മറ്റൊരു പൊൻതൂവലായി ഈ പുരസ്‌കാരം.
തിരുവനന്തപുരത്ത് ഇന്നു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും കോളേജ് പ്രിൻസിപ്പാളും കായിക വിഭാഗം മേധാവിയുമായ ഡോ. കെ. അജയകുമാർ, എസ്.എൻ.ഡി.പി യോഗം ദേവസ്വം ബോർഡ് സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടിവ് മെമ്പറുമായ അരയാക്കണ്ടി സന്തോഷ് എന്നിവർ അവാർഡ് ഏറ്റുവാങ്ങും.
തുടർച്ചയായ 20 വർഷം മികച്ച കോളേജിന് കണ്ണൂർ സർവ്വകലാശാല നൽകിവരുന്ന ജിമ്മി ജോർജ് ട്രോഫി ശ്രീനാരായണ കോളേജ് നേടിവരികയാണ്. ദേശീയ മത്സരങ്ങൾ അടക്കം ചേർത്ത് സർവ്വകലാശാല നൽകുന്ന ഓവറോൾ ചാമ്പ്യൻസ് ട്രോഫിയും കഴിഞ്ഞ മൂന്ന് വർഷമായി കോളേജിനാണ്.
അഭിമാനിക്കാനേറെ...
കോളേജിലെ 96 കായികതാരങ്ങൾ കഴിഞ്ഞ വർഷം വിവിധ ഇനങ്ങളിൽ സർവ്വകലാശാലയെ പ്രതിനിധികരിച്ച് ഓൾ ഇന്ത്യ ഇന്റർ യൂണിവേർഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പുരുഷ വനിതാ വിഭാഗങ്ങളിലായി 18 ചാമ്പ്യൻഷിപ്പുകളും 8 രണ്ടാം സ്ഥാനങ്ങളും കോളേജ് കരസ്ഥമാക്കിയിട്ടുണ്ട്.
മൂന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയായ സഹൽ അബ്ദുൽ സമദ് സീനിയർ ഇന്ത്യൻ ഫുട്‌ബാൾ ടീമിൽ അംഗമാണ്. ബി. സ്റ്റെഫി തായ്ലൻഡിൽനടന്ന ഏഷ്യൻ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. ആര്യ അനിൽ, കെ.വി. അനുശ്രീ, ബി. സ്റ്റെഫി (ഫെൻസിംഗ്), കെ. ലക്ഷ്മി (റസലിംഗ്) എന്നിവർ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയതും കോളേജിന് അഭിമാനമായി.
2020-21ൽ പുരുഷ വിഭാഗം ഫുട്‌ബാൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, ക്രോസ് കൺട്രി, വെയ്റ്റ് ലിഫ്റ്റിംഗ്, റസലിംഗ്, ജിംനാസ്റ്റിക്, ഫെൻസിംഗ് എന്നീ ഇന്റർകോളേജിയേറ്റ് മത്സരങ്ങളിലും വനിതാ വിഭാഗം ബാസ്‌കറ്റ്‌ബാൾ, പവർലിഫ്റ്റിംഗ്, ജൂഡോ, റസലിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് എന്നീ ഇന്റർ കോളേജിയേറ്റ് മത്സരങ്ങളിലും കണ്ണൂർ എസ്.എൻ കോളേജ് ചാമ്പ്യന്മാരാണ്.
2018-19 വർഷത്തെ മികച്ച കോളേജ് അധ്യാപകനുള്ള ജി.വി രാജാ പുരസ്‌കാരം എസ്.എൻ. കോളേജിലെ കായിക വിഭാഗം മേധാവി ഡോ. കെ. അജയകുമാറിന് ലഭിച്ചിരുന്നു.