aadaram
അന്നാമ്മ ചാക്കോയെ 'നാട്ടുപെരുമ' ആദരിച്ചപ്പോൾ

മാതമംഗലം: മലയോര മേഖലയിലെ ആദ്യകാല പ്രസവ ശുശ്രൂഷാ വിദഗ്ദ്ധയായ അന്നാമ്മ ചാക്കോയ്ക്ക് നാട്ടുകൂട്ടായ്മയുടെ ആദരം. കണ്ണൂർ ജില്ലയിലെ പ്രമുഖ കുടിയേറ്റ മേഖലയായ കാര്യപ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമായി ഏതാണ്ട് ആയിരത്തിലധികം പ്രസവം എടുത്ത കോട്ടയം സ്വദേശിനി അന്നാമ്മ ചാക്കോയെയാണ് പെരുവാമ്പയുടെ പൊതുജന കൂട്ടായ്മയായ 'നാട്ടുപെരുമ' ആദരിച്ചത്.

ആശുപത്രികളും ഡോക്ടർമാരും വെറുമൊരു സ്വപ്നം മാത്രമായിരുന്ന കാലത്താണ് പ്രസവം എടുക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ അവർ കോട്ടയം ജില്ലയിലെ മുത്തോലിയിൽ നിന്നും കാര്യപ്പള്ളിയിലേക്ക് കുടിയേറുന്നത്. അര നൂറ്റാണ്ട് പിന്നിട്ട മലബാർ കുടിയേറ്റ ചരിത്രത്തിലെ ഒരേടുകൂടിയാണ് അന്നാമ്മ ചേട്ടത്തിയുടെ ജീവിതം.
സങ്കീർണ്ണാവസ്ഥയിലുള്ള പ്രസവങ്ങൾ കൈകാര്യം ചെയ്യാൻ കുറെ നാടൻ മരുന്ന് പ്രയോഗങ്ങളും പാരമ്പര്യ ചികിത്സാ രീതികളും അന്നാമ്മയ്ക്ക് ഹൃദിസ്ഥമാണ്. ഒരൊറ്റ ദിവസം തന്നെ നാലും അഞ്ചും പ്രസവങ്ങൾ എടുത്തതും ഒരേ സമയം ഒന്നിലധികം വീടുകളിൽ ചെന്ന് മാറിമാറി കുട്ടികളെയും അമ്മമാരെയും പരിചരിച്ചതും നൂറാം വയസ്സിന്റെ നിറവിലും അവർ ഓർത്തെടുക്കുന്നു.

കാര്യപ്പള്ളിയിലെ വീട്ടിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. ചടങ്ങിൽ എൻ.പി വിനീഷ് അധ്യക്ഷനായിരുന്നു. എൻ.പി ലക്ഷ്മണൻ പൊന്നാട അണിയിച്ചു. രഘു മണിയറ മൊമെന്റൊയും സിദ്ധീഖ് കണ്ണൂർ ഉപഹാരവും സമർപ്പിച്ചു. ഇ. സാവിത്രി, കെ.വി അജിത, സി.സി ശാന്തകുമാരി, ഷീന, ശില്പ, പി. ഭാസ്‌കരൻ എന്നിവർ പങ്കെടുത്തു.