butterfly
ചെങ്കണ്ണൻ തവിടൻ ചിത്രശലഭം

കണ്ണൂർ: ജില്ലയിലെ ഏറ്റവും ഉയരംകൂടിയ പ്രദേശമായ പൈതൽമലയിൽ നിന്നും ചെങ്കണ്ണൻ തവിടൻ (റെഡ് ഐ ബുഷ് ബ്രൗൺ) എന്ന അപൂർവ്വ ചിത്രശലഭത്തെ കണ്ടെത്തി. ചിത്രശലഭ നിരീക്ഷകരായ വി.സി ബാലകൃഷ്ണൻ, ഗിരീഷ് മോഹൻ പി.കെ, രജേന്ദ്രൻ ടി.എം, പൈതൽമല ഇക്കോ ടൂറിസം വാച്ചർ മേനോംവീട്ടിൽ ആന്റണി എന്നിവരടങ്ങിയ സംഘമാണ് കഴിഞ്ഞ ദിവസം പൈതൽമലയിൽ ഇവയെ കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്നും ആയിരത്തി ഇരുന്നൂറോളം മീറ്ററിനു മുകളിൽ ഉയരമുള്ള സ്ഥലങ്ങളിൽ മാത്രം കാണപ്പെടുന്ന ചെങ്കണ്ണൻതവിടൻ പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയ ചിത്രശലഭമാണ്. വയനാട് ജില്ലയിലെ ചിലയിടങ്ങളിൽ ഇവയെ കണ്ടിട്ടുണ്ടെങ്കിലും കേരളത്തിൽ നിന്നും ഈ ശലഭത്തിന്റെ സാന്നിദ്ധ്യം ആദ്യമായാണ് ഫേട്ടോയുടെ സഹായത്തോടെ സ്ഥിരീകരിക്കുന്നത്.

മഴയോടനുബന്ധിച്ച് ചില മാസങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഈ പൂമ്പാറ്റകളെ അതിരാവിലെയും വൈകുന്നേരവും ആണ് കൂടുതലായി നിരീക്ഷിക്കാൻ സാധിക്കുക. മഴക്കാടുകളുടെ ഓരംചേർന്ന് നിഴൽ പ്രദേശങ്ങളിലാണ് ഇവയുടെ ആവാസം. ഇവയെക്കൂടാതെ ഈറ്റശലഭം, കാട്ടുതുള്ളൻ തുടങ്ങി അപൂർവ്വങ്ങളായ മറ്റ് ചിത്രശലഭങ്ങളെയും സംഘം കണ്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ട്.

കൊവിഡിനുശേഷം വിനോദസഞ്ചാരികളുടെ പ്രവാഹം ഏറെയുള്ള പൈതൽമലയുടെ പാരിസ്ഥിതിക പ്രാധാന്യം ഒരിക്കൽക്കൂടി എടുത്തുകാട്ടുന്നതാണ് ഈ കണ്ടെത്തൽ.

വനംവകുപ്പ് തളിപ്പറമ്പ് റേഞ്ച് ഓഫീസർ വി. രതീശൻ


പരിണാമ ശാസ്ത്രപരമായി ഏറെ പ്രാധാന്യമർഹിക്കുന്നവയാണ് ചെങ്കണ്ണൻ തവിടൻ ശലഭങ്ങൾ. ചിത്രശലഭങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്.

ഡോ. ജാഫർ പലോട്ട്‌