കണ്ണൂർ: നിയന്ത്രണത്തിലുള്ള സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന ചിട്ടികൾക്കും പണമിടപാടുകൾക്കും മേൽ നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കാൻ സി.പി.എം. ബ്രാഞ്ചുകമ്മിറ്റികളിൽ പോലും പ്രാദേശികമായ ചിട്ടികൾ നടത്തിവരുന്നുണ്ട്. ഇത്തരത്തിലുള്ള സാമ്പത്തിക ഇടപാട് പാർട്ടിക്ക് തലവേദനയാകുന്ന ഘട്ടങ്ങളിൽ നേരത്തെ സി.പി.എം ഇക്കാര്യം വിലക്കിയെങ്കിലും വരുമാനം നിലച്ചതോടെ സാമ്പത്തിക ഇടപാടുകൾക്കുള്ള നിയന്ത്രണം നീക്കുകയായിരുന്നു.
പേരാവൂരിൽ ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിൽ നടന്ന ചിട്ടി വിവാദമായിരിക്കെ ഇക്കാര്യത്തിൽ മൂക്കുകയർ വേണമെന്ന നിലപാടിലാണ് മുതിർന്ന നേതൃത്വം. ഇതിനായുള്ള മാർഗരേഖ നടക്കാനിരിക്കുന്ന ജില്ലാ സമ്മേളനങ്ങളിൽ അവതരിപ്പിക്കാനാണ് തീരുമാനം.
സി.പി.എം നിയന്ത്രണത്തിലുള്ള സാംസ്‌കാരിക കേന്ദ്രങ്ങളും വായനശാലകളും പാർട്ടി ക്ലബുകളും പോഷക സംഘടനകളും സാമ്പത്തിക സമാഹരണം നടത്തുന്നതിനായി പല ചിട്ടികൾ നടത്തിവരുന്നുണ്ട്. പാർട്ടിയിലുള്ള വിശ്വാസം കാരണം സാധാരണക്കാർ മുതൽ സമൂഹത്തിലെ ഉന്നതർവരെ ഇത്തരം ഇടപാടുകളിൽ അംഗങ്ങളായുണ്ട്. സാധാരണക്കാർക്ക് വലിയ ആശ്വാസവുമാണ് ഇത്തരം ചിട്ടികൾ. എന്നാൽ, ഇത്തരം ഇടപാടുകളിൽ ആരോപണവിധേയരായി പല പ്രാദേശിക നേതാക്കളുടെയും സ്ഥാനം തെറിച്ച ചരിത്രവുമുണ്ട്. ഇതോടെ സഹകരണ ബാങ്കുകകൾ മാത്രമേ ഇത്തരം ഇടപാടുകൾ നടത്താൻ പാടുള്ളൂവെന്ന സർക്കുലർ പാർട്ടി ഇറക്കിയിരുന്നു. ഇതിനിടെ സി.പി.എം സമ്മേളനങ്ങളിൽ തെറ്റുതിരുത്തൽ രേഖ അവതരിപ്പിക്കപ്പെട്ടതും ഇത്തരം ചിട്ടികൾക്ക് തടസമാവുകയായിരുന്നു. പാർട്ടി അംഗങ്ങളോ ബന്ധുക്കളോ, സ്ഥാപനങ്ങളോ, വർഗ ബഹുജന സംഘടനാ ഭാരവാഹികളോ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടരുതെന്നാണ് അന്ന് നിർദ്ദേശം വന്നത്. എന്നാൽ, പ്രധാന വരുമാനമാർഗമെന്ന നിലയിൽ ഇക്കാര്യത്തിൽ ഇളവുകൾ പാർട്ടി നല്കുകയായിരുന്നു.