തൃക്കരിപ്പൂർ: മുപ്പത് വർഷങ്ങളായി പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയിൽ കഴിയുന്ന ആയിറ്റി കോളനിയിലെ നിർദ്ധന കുടുംബങ്ങളുടെ പട്ടയത്തിനായുള്ള നെട്ടോട്ടം തുടരുന്നു. പഞ്ചായത്ത്, റവന്യൂ അധികൃതരുടെ മുന്നിൽ വർഷങ്ങളായി ഈ വിഷയം അവതരിപ്പിച്ച് ലക്ഷ്യംനേടാൻ കഴിയാതെ ഒടുവിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി കാത്തിരിക്കയാണ് ഇവർ.
വർഷങ്ങളായുള്ള പ്രദേശവാസികളുടെയും പൊതുസമൂഹത്തിന്റെയും നിരന്തര ഇടപെടലിന്റെയും സമര പരിപാടികളെയും തുടർന്ന് സ്വന്തമായി ഭൂമിയില്ലാത്ത 22 കുടുംബങ്ങൾക്ക് വർഷങ്ങൾക്ക് മുമ്പ് നാലു സെന്റ് ഭൂമി വീതം പഞ്ചായത്ത് പതിച്ചു നൽകിയിരുന്നു. എന്നാൽ പട്ടയമില്ലാത്തതിനാൽ ലഭിച്ച ഭൂമി വേണ്ട വിധത്തിൽ വിനിയോഗിക്കാൻ കോളനി നിവാസികൾക്ക് കഴിയുന്നില്ല. റോഡടക്കമുള്ള വികസനമൊന്നും കോളനിയിലെത്തുന്നില്ലെന്ന് പ്രദേശവാസികൾ പരാതി പറയുന്നു. ധനകാര്യ സ്ഥാപനങ്ങൾ വഴി വായ്പയെടുക്കാനും കഴിയുന്നില്ല.
ആയിറ്റി കോളനിയിൽ വർഷങ്ങളായി താമസിച്ചുവരുന്ന കുടുംബങ്ങൾക്ക് പട്ടയം നൽകാൻ
പഞ്ചായത്ത് അധികൃതർ വൈമനസ്യം കാണിക്കുന്നതിനാൽ, തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് കോളനി നിവാസികൾ. ഭൂമി സംബന്ധിച്ച രേഖ പഞ്ചായത്തിന്റെ കൈവശമില്ലെങ്കിൽ പ്രസ്തുത ഭൂമി റവന്യൂ ഭൂമിയായി പ്രഖ്യാപിച്ച് പട്ടയ പ്രശ്നം പരിഹരിക്കണം.
പി.കെ വിനോദ്, സെക്രട്ടറി സി.പി.എം ആയിറ്റി ബ്രാഞ്ച്
ആയിറ്റി കോളനി പഞ്ചായത്ത് ഭൂമിയാണ്. കോളനി നിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിക്ക് പട്ടയം നൽകണമെന്ന് തന്നെയാണ് പഞ്ചായത്തിന്റെ താല്പര്യം. പക്ഷെ പതിച്ചു നൽകിയ ഭൂമിയുടെ രേഖ സംബന്ധിച്ച ചില നൂലാമാലകൾ നിലവിലുണ്ട്. ഈ ഭൂമി പഞ്ചായത്ത് ജന്മ ഭൂമിയാണ്. എന്നാൽ ഇതിന്റെ ആധാരം നഷ്ടപ്പെട്ടു പോയി. താലൂക്ക് സർവ്വേയർ വന്ന് സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും തുടർന്ന് ലാൻഡ് ട്രിബൂണൽ വഴി ഭൂമിയുടെ രേഖ ഉണ്ടാക്കി സ്ഥലത്തിന്റെ പട്ടയം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.
സത്താർ വടക്കുമ്പാട്, പ്രസിഡന്റ് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്