തലശ്ശേരി: ധർമ്മടം മേലൂരിൽ ഞായറാഴ്ച അർദ്ധരാത്രിയിൽ ബോംബേറ്. മേലൂർ ചെഗുവേര ക്ലബിനു സമീപം റോഡിലാണ് ബോംബേറുണ്ടായത്. കഴിഞ്ഞ മാസം 13ന് രാത്രിയിൽ സ്ഥലത്ത് സി.പി.എം-ആർ.എസ്.എസ് സംഘട്ടനം നടന്നിരുന്നു. അനിഷ്ട സംഭവങ്ങളെ തുടർന്ന് സ്ഥലത്ത് പൊലീസിനെ വിന്യസിക്കുകയും, പ്രദേശം നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. പൊലീസ് പിൻ വാങ്ങിയതോടെയാണ് ബോംബേറുണ്ടായത്.

സംഭവമറിഞ്ഞ് എ.എസ്.പി വിഷ്ണു പ്രദീപ്, ധർമ്മടം സി.ഐ സുമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ഐസ് ക്രീം ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. സഫോടന ശബ്ദം കിലോമീറ്ററുകൾ കേട്ടതായി ദേശവാസികൾ പറഞ്ഞു. ധർമ്മടം പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബോംബ് സക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. സ്ഫോടക വസ്തുക്കൾക്കായി റെയ്ഡും നടത്തി. പ്രദേശത്ത് കൊടിതോരണങ്ങൾ നശിപ്പിച്ചതായുള്ള പരാതിയുമുണ്ട്.