കാസർകോട്: നികുതി വെട്ടിച്ച് കടത്തിയെന്നതിന് സ്വർണാഭരണങ്ങൾ പിടികൂടി. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ പരിശോധനയിൽ കറന്തക്കാട് നിന്നാണ് ഇവ പിടികൂടിയത്. നികുതി വെട്ടിച്ച് കടത്തുന്ന വസ്തുക്കൾ പിടികൂടിയാൽ സാധാരണ പിഴയീടാക്കുകയും, പിഴ അടച്ചില്ലെങ്കിൽ സർക്കാരിലേക്ക് കണ്ടുകെട്ടുകയുമാണ് ചെയ്യുന്നത്. ഉടമ പിഴ അടയ്ക്കാൻ തയ്യാറായതോടെ സ്വർണാഭരണങ്ങൾ വിട്ടുനൽകിയതായി പരിശോധനയ്ക്ക് നേതൃത്വം നൽകിയ സ്റ്റേറ്റ് ടാക്സ് ഓഫീസർ കൊളത്തൂർ നാരായണൻ പറഞ്ഞു. ചരക്ക് സേവന നികുതി നിയമത്തിലെ 130ാം വകുപ്പ് പ്രകാരം നികുതിയും പിഴയുമായി 9, 93,594 രൂപ ഈടാക്കി. അസി. സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ ശശികുമാർ മാവിങ്കൽ, തോമസ് ജോർജ്, ജീവനക്കാരായ ബി വാമന, വിനോദ് കുമാർ, രാജേഷ് തമ്പാൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.