പയ്യന്നൂർ: ഏഴിമല നാവിക അക്കാഡമിക്ക് വേണ്ടി തൊഴിൽ ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിക്കുവാൻ രാമന്തളി പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിൽ താൽക്കാലിക ഷെഡ് ഒരുക്കുന്നതിൽ പ്രദേശവാസികൾക്ക് ആശങ്ക. അക്കാഡമി പദ്ധതി പ്രദേശത്തിനോട് ചേർന്ന പതിമൂന്നാം വാർഡിലെ ജനവാസ കേന്ദ്രത്തിലാണ് അന്യസംസ്ഥാന തൊഴിലാളികൾക്കായി ലേബർ ഷെഡ് നിർമ്മിക്കുന്നത്.
ഇതിനെതിരെ പരിസരവാസികൾ ഒപ്പിട്ടു പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും ഷെഡ് നിർമ്മാണം തകൃതിയായി നടക്കുകയാണ്. അക്കാഡമിയിലെ നിർമ്മാണ കരാർ ഏറ്റെടുത്ത് നടത്തുന്ന സ്വകാര്യ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളെ ഇവിടെ കൂട്ടത്തോടെ താമസിപ്പിക്കുവാനാണ് കമ്പനി അധികൃതരുടെ ശ്രമം. സ്വകാര്യ വ്യക്തിയുടെ പറമ്പ് വാടകയ്ക്ക് എടുത്താണ് കരാർ കമ്പനി ലേബർ ഷെഡ് നിർമ്മിക്കുന്നത്.
അക്കാഡമി പ്രവർത്തനം തുടങ്ങിയ കാലം മുതൽ ലേബർ ഷെഡ് അക്കാഡമിക്ക് അകത്തു തന്നെയാണ് നിർമ്മിച്ചിരുന്നത്. 2800 ഏക്കറോളം വരുന്ന അക്കാഡമി പദ്ധതി പ്രദേശത്ത് 800 ഏക്കറിൽ മാത്രമാണ് നിർമ്മാണം നടക്കുന്നത്. ബാക്കി സ്ഥലം ഒഴിച്ചിട്ടിരിക്കുകയാണ്. അത്തരം സ്ഥലങ്ങളിൽ ലേബർ ഷെഡ് നിർമ്മിക്കാമെന്നിരിക്കെ ജനവാസ കേന്ദ്രത്തിൽ നിർമ്മിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാകുകയാണ്. അക്കാഡമിയിൽ നിന്നുളള മലിനജലം കിണറുകളിൽ ഒഴുകി എത്തി കിണറുകൾ ഉപയോഗ ശൂന്യമായതിനെ തുടർന്ന് മാലിന്യവിരുദ്ധ സമരം നടന്ന പ്രദേശമാണ് രാമന്തളി.
ഭയപ്പെടുത്തി മലേറിയ
പുതുതായി നിർമ്മിക്കുന്ന ഷെഡിന്റെ തൊട്ടടുത്ത് വാടകയ്ക്ക് താമസിക്കുന്ന യു.പി സ്വദേശിക്ക് കഴിഞ്ഞ ദിവസം മലേറിയ സ്ഥിരീകരിച്ചിരുന്നു. പകർച്ചവ്യാധി ഭീഷണിക്ക് നടുവിൽ പ്രദേശത്ത് ലേബർ ഷെഡ് പ്രവർത്തനം തുടങ്ങിയാൽ പകർച്ചവ്യാധികൾ പെരുകുവാൻ സാദ്ധ്യതയുണ്ട്. നിർമ്മാണം നടക്കുന്ന സൈറ്റിനോട് ചേർന്ന് ലേബർ ഷെഡ് നിർമ്മിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ നാവിക അക്കാഡമിയിൽ നടക്കുന്ന പ്രവൃത്തിയുടെ തൊഴിലാളികളെ കൂട്ടത്തോടെ ജനവാസ കേന്ദ്രത്തിൽ ഷെഡ് നിർമ്മിച്ച് താമസിപ്പിക്കുന്നതെന്തിനെന്നാണ് പരിസരവാസികൾ ചോദിക്കുന്നത്.