കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് പ്ലസ് വൺ വിദ്യാർത്ഥിനികൾ ചാടിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. പരിക്കേറ്റ വിദ്യാർഥിനികളിൽ ഒരാളുടെ മൊഴിപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികളായ രണ്ട് പെൺകുട്ടികൾ ചൊവ്വാഴ്ച രാവിലെയാണ് ഓടുന്ന ഓട്ടോറിക്ഷയിൽ നിന്ന് ചാടിയത്. പരിക്കേറ്റ വിദ്യാർത്ഥിനികൾ ആശുപത്രിയിൽ ചികിത്സയിലാണ്. പരീക്ഷയെഴുതുന്നതിനായി സ്‌കൂളിൽ പോകാൻ രണ്ട് പെൺകുട്ടികളും കാസർകോട് പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനിൽ നിന്നാണ് ഓട്ടോറിക്ഷയിൽ കയറിയത്. ചെമ്മനാട് സ്‌കൂളിനടുത്ത് എത്തിയിട്ടും നിർത്താതിരുന്നതിനെ തുടർന്ന് പെൺകുട്ടികൾ ചാടുകയായിരുന്നു. ഇതോടെ ഡ്രൈവർ വണ്ടി നിർത്തി വിദ്യാർത്ഥിനികളെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ കാസർകോട് ടൗൺ പൊലീസ് ഓട്ടോറിക്ഷാ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. സംഭവം നടന്നത് മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ സി.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തി. ഓട്ടോ ഡ്രൈവർ തങ്ങളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയതായി സംശയിക്കുന്നുവെന്നായിരുന്നു പെൺകുട്ടികളുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. എന്നാൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിട്ടില്ലെന്നും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓട്ടോറിക്ഷയിൽ ഫൈബർ ഷീൽഡ് ഘടിപ്പിച്ചതിനാൽ ചെമ്മനാട് എത്തിയപ്പോൾ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടത് കേട്ടില്ലെന്നുമാണ് ഡ്രൈവർ പൊലീസിന് മൊഴി നൽകിയത്.