കണ്ണൂർ: പ്ലസ് വൺ സീറ്റ് കിട്ടാത്ത കുട്ടികൾക്കായി ആക്ഷൻ കമ്മിറ്റിയുടെ ഇടപെടൽ. മികച്ച മാർക്ക് നേടിയിട്ടും സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. നിലവിൽ വിഷയത്തിൽ നിരന്തരമായി നിവേദനങ്ങളും ഹർജികളും നൽകിയിട്ടും സർക്കാരിൽ നിന്ന് യാതൊരു അനുകൂല നടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു.
മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ പോലും ഇഷ്ട വിഷയങ്ങൾ കിട്ടാതെ ആശങ്കയിലാണ്. സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനു പകരം ബാച്ച് വർധിപ്പിക്കുകയാണ് വേണ്ടതെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.
പ്രതിസന്ധി പരിഹരിക്കാത്ത സർക്കാർ നടപടിക്കെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനപ്രതിനിധികൾക്ക് നിവേദനം നൽകുന്നതോടൊപ്പം ഉപരോധങ്ങൾ, വഴിതടയൽ തുടങ്ങിയ സമര രീതികളിലേക്ക് കടക്കും. വാർത്ത സമ്മേളനത്തിൽ വിദ്യാർത്ഥികളായ നിത ഫാത്തിമ, ഷിഫ, അഫ്സാനത്ത്, മിസ്ഹബ് ഷിബിൻ, എം.എ. അസ്നാഫ് രക്ഷിതാവ് പി.സി. റഹിയാനത്ത് എന്നിവർ സംബന്ധിച്ചു.
വളരെ ആശങ്കയിലാണ് വിദ്യാർത്ഥികൾ . വെറും 21 സീറ്റ് മാത്രമാണ് ജില്ലയിൽ ബാക്കി. 11,904 വിദ്യാർത്ഥികൾക്ക് ഇതുവരെ സീറ്റ് ലഭിച്ചിട്ടില്ല. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾ പോലും പുറത്താണ്. സർക്കാർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകും.പി.സി. റഹിയാനത്ത്, രക്ഷിതാവ്, ചക്കരക്കൽ.