തൃക്കരിപ്പൂർ: നാൾക്കു നാൾ വർദ്ധിക്കുന്ന പെട്രോൾ, ഡീസൽ, പാചക വാതക വിലയ്ക്കൊപ്പം പച്ചക്കറിക്കും വിലകൂടിയതോടെ സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റുന്നു. നിത്യേന ഉപയോഗിക്കുന്ന ഉള്ളിയും തക്കാളിയുമടക്കമുള്ള പച്ചക്കറികളുടെ വില ഒരാഴ്ചയ്ക്കിടെ മൂന്നും നാലും മടങ്ങാണ് വർദ്ധിച്ചത്.
ഒരാഴ്ച മുമ്പ് കിലോയ്ക്ക് 22 രൂപ ഉണ്ടായിരുന്ന സവാളയ്ക്ക് ഇന്നലെ 48 രൂപയാണ്. കിലോയ്ക്ക് 10 രൂപയുണ്ടായിരുന്ന തക്കാളിക്ക് രണ്ടു ദിവസങ്ങൾക്ക് മുമ്പ് 42 രൂപയായിരുന്നത് ഇന്നലെ അമ്പതായി ഉയർന്നു.
കാരറ്റ് 80, പാവക്ക 60, മുരിങ്ങ 90 എന്നിങ്ങനെ വില കയറാത്ത ഒരു സാധനവുമില്ല പച്ചക്കറി മാർക്കറ്റിൽ.
കനത്ത മഴ തുടരുന്നതിനാൽ സാധാരണക്കാർക്ക് ജോലിയും കൂലിയുമില്ലാത്ത അവസ്ഥ കൂടിയാകുമ്പോൾ വിലക്കയറ്റം മൂലം ജനങ്ങൾ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും നിത്യജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത പച്ചക്കറിയുടെ വില മുകളിലോട്ട് കുതിക്കുന്നത് സാധാരണക്കാർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. തമിഴ്നാട്, കർണാടക, എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് പച്ചക്കറികൾ എത്തുന്നത്.
കാരണങ്ങൾ പലത്
പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപിച്ച കർഷക സമരം തക്കാളി, ഉള്ളി തുടങ്ങിയവയുടെ വില കയറാൻ കാരണമായി.
ഡീസൽ വില ഉയർന്നതോടെ ഗതാഗത ചെലവ് കൂടിയതും അപ്രതീക്ഷിതമായി പെയ്യുന്ന മഴമൂലം പച്ചക്കറികൃഷി നശിച്ചതും വില കൂടാൻ ഇടയാക്കിയെന്ന് വ്യാപാരികൾ പറയുന്നു.