മട്ടന്നൂർ: വ്യാജരേഖയുണ്ടാക്കി 40 ലക്ഷം രൂപയുടെ സ്വർണവും 38 ലക്ഷം രൂപയുടെ വിദേശകറൻസികളും തട്ടിയ ആളെ മട്ടന്നൂർ പൊലീസ് അറസ്റ്റുചെയ്തു. ചാവശ്ശേരി സ്വദേശി കെ. ഷിനോദി (41) നെയാണ് മട്ടന്നൂർ സി.ഐ. എം. കൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്.

മട്ടന്നൂരിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ വ്യാജരേഖയുണ്ടാക്കി 40 ലക്ഷം രൂപയുടെ സ്വർണം തട്ടിയെന്നാണ് കേസ്. മറ്റൊരു സ്ഥാപനത്തിൽ നിന്ന് 38 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറൻസിയും തട്ടിയെടുത്തിരുന്നു. ഇതിനു ശേഷം ഒളിവിൽ പോയ പ്രതിയെ ഒരു വർഷത്തിന് ശേഷമാണ് എറണാകുളം വാഴക്കാലയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

സ്ഥാപന അധികൃതരുടെ പരാതി പ്രകാരമാണ് മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഒളിവിൽ കഴിയുന്നതിനിടെ ഷിനോദ് ഫോൺ നമ്പരുകൾ മാറിമാറി ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സൈബർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.