പട്ടുവം: ഓട്ടോറിക്ഷ ഇടിച്ച് ശരീരത്തിൽ വ്രണങ്ങൾ നിറഞ്ഞ് ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ അവശനിലയിൽ കഴിഞ്ഞ തെരുവ് നായക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ശുശ്രൂഷ നല്കി.
പട്ടുവം പഞ്ചായത്തിലെ പറപ്പൂലിലാണ് സംഭവം. അഞ്ച് ദിവസം മുമ്പാണ് പറപ്പൂലിൽ വച്ച് തെരുവ് നായയുടെ ദേഹത്ത് കൂടി ഓട്ടോറിക്ഷ കയറിയിറങ്ങിയത്.
ഭക്ഷണം പോലും കഴിക്കാനാകാതെ റോഡരികിലെ കുറ്റിക്കാട്ടിൽ അവശനിലയിലായ നായ പുഴുവരിക്കുന്ന നിലയിലായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി മൃഗാശുപത്രി അധികൃതരെ വിവരം അറിയിച്ചു. കുറുമാത്തൂർ ചെറുക്കള താഴെ മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ എസ്. ശ്രീകുമാർ സ്ഥലത്തെത്തി നായയെ പരിശോധിച്ചു.
സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ആവശ്യമായ മരുന്നും ശുശ്രൂഷയും നൽകി നായയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പറപ്പൂൽ ജംഗ്ഷനിൽ പവർ ടെക് ഇലക്ട്രിക്കൽ ഷോപ്പ് നടത്തിവരുന്ന പ്രമോദാണ് അധികൃതരെ വിവരം അറിയിച്ചത്. പാലേരി പറമ്പിലെ ഇലക്ട്രീഷ്യൻ ശരത്, പുളിമ്പറമ്പിലെ ടൈൽസ് തൊഴിലാളി രതീഷ് മാട്ടുമ്മൽ, പറപ്പൂലിലെ പ്രവാസിയായ സുജിത് എന്നിവരാണ് നായയെ ശുശ്രൂഷിക്കുന്ന സേവനത്തിന് പഞ്ചായത്ത് പ്രസിഡന്റിനോടൊപ്പം ചേർന്നത്.