കാസർകോട്: സ്വർണവ്യാപാരി മഹാരാഷ്ട്ര സാംഗ്ലിയിലെ രാഹുൽ മഹാദേവ് ജാവിറിനെ തട്ടിക്കൊണ്ടുപോയി പണംകവർന്ന കേസിൽ ഉൾപ്പെട്ട രണ്ട് വാഹനങ്ങൾ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു ഇന്നാവയും സാൻട്രോ കാറുമാണ് അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ഇന്നാവ തൃശൂരിൽ നിന്നും സാൻട്രോ കോഴിക്കോട്ടുനിന്നും പൊലീസ് പിടികൂടുകയായിരുന്നു. കേസിൽപ്പെട്ട ടവേര കാർ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാഹുൽ മഹാദേവ് ജാവിറിനെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ നാലുവാഹനങ്ങളിലായാണ് എത്തിയിരുന്നത്.

ഇനി ഒരു വാഹനം മാത്രമാണ് കണ്ടെടുക്കാനുള്ളതെന്ന് പൊലീസ് പറഞ്ഞു. പ്രധാന പ്രതി അടക്കമുള്ളവർക്ക് വേണ്ടി കേരളത്തിന് പുറമെ കർണാടകയിലും തമിഴ്നാട്ടിലുമായി പൊലീസ് അന്വേഷണം നടത്തുകയാണ്. കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ ക്രൈം സ്‌ക്വാഡും കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷണം നടത്തുന്നത്. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികളായ പനമരം നടവയൽ കായക്കുന്ന് കിഴക്കേതുമ്പത്ത് ഹൗസിൽ അഖിൽ ടോമി (24), തൃശൂർ കുട്ടനല്ലൂർ എളംതുരുത്തി ചിറ്റിലപ്പള്ളി ഹൗസിലെ ബിനോയ് സി ബേബി (25), വയനാട് പുൽപ്പള്ളി പെരിക്കല്ലൂർ പുത്തൻപുരക്കൽ ഹൗസിലെ അനുഷാജു (28) എന്നിവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകൾക്കുമായി കാസർകോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ സി.ഐയും സംഘവും പറശ്ശിനിക്കടവ് ഭാഗത്ത് പണവും വാഹനങ്ങളും കണ്ടെടുക്കുന്നതിനായി ബുധനാഴ്ച വൈകീട്ട് തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ 22 നാണ് ദേശീയപാത മൊഗ്രാൽപുത്തൂരിൽ രാഹുൽ മഹാദേവ് ജാവിറിനെ തട്ടിക്കൊണ്ടുപോയി പണം കവർന്നത്. 65 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് സ്വർണവ്യാപാരി പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നെങ്കിലും മൂന്നരക്കോടിയോളം രൂപ രാഹുൽ മഹാദേവ് ജാവിറിന്റെ കാറിലുണ്ടായിരുന്നുവെന്നാണ് കരുതുന്നത്.