കണ്ണൂർ:പഴയ ബസ്‌സ്റ്റാൻഡ് പരിസരത്തെ അനധികൃത വഴിയോര കച്ചവടം ഒഴിപ്പിക്കലിനിടെ വ്യാപാരികളും പൊലീസും ആരോഗ്യ വകുപ്പും തമ്മിൽ വാക്കേറ്റം. കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒഴിപ്പിക്കാൻ ശ്രമിച്ചതോടെയാണ് അധികൃതരും കച്ചവടക്കാരും തമ്മിൽ വാക്കേറ്റമുണ്ടായത്.
കഴിഞ്ഞ ദിവസവും പ്രസ്ക്ലബ് പരിസരം മുതൽ പൊലീസ് ക്വാട്ടേഴ്സ് വരെയുള്ള കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമം നടന്നിരുന്നു. അന്ന് എതിർപ്പ് രൂക്ഷമായപ്പോൾ കോർപ്പറേഷൻ അധികൃതർ മടങ്ങുകയായിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെ ആരോഗ്യ വിഭാഗം അധികൃതർ പൊലീസുമായി സ്ഥലത്തെത്തിയത്. കച്ചവടക്കാരോട് സ്വയം ഒഴിയാൻ നിർദ്ദേശിച്ചെങ്കിലും അവർ സമ്മതിച്ചില്ല. തുടർന്നാണ് വാക്കേറ്റത്തിൽ കലാശിച്ചത്.