2

കാസർകോട്: സൈബീരിയ ലക്ഷ്യമിട്ട് കാൽനടയായി ലോകം ചുറ്റുകയാണ് രോഹൻ അഗർവാൾ എന്ന 19 കാരൻ.

നടന്നു തന്നെ ലോകത്തെയും അറിയാനാണ് ഈ നാഗ്പൂർ സ്വദേശിയുടെ ആഗ്രഹം. സഞ്ചാരത്തിൽ നിന്ന് കിട്ടുന്ന അറിവുകൾ മറ്റൊന്നിൽ നിന്നും ലഭിക്കില്ലത്രേ. 420 ദിവസമായി യാത്ര തുടരുന്ന കൗമാരക്കാരൻ വടക്കൻ കേരളത്തെ കുറിച്ച് അറിയാൻ കാസർകോട്ടും എത്തി. കേരളത്തിൽ എത്തിയിട്ട് ഒന്നര മാസം കഴിയുന്നു. എത്തുന്നിടത്തെല്ലാം വീടും കാണുന്നവരെല്ലാം ആതിഥേയരുമാണ് രോഹന്.

ബി കോം. രണ്ടാം വർഷ പഠനം ഉപേക്ഷിച്ചാണ് കഴിഞ്ഞ ആഗസ്ത് 25ന് ലോകം ചുറ്റാനിറങ്ങിയത്. 15 സംസ്ഥാനങ്ങളിൽ യാത്ര ചെയ്ത ശേഷമാണ് കേരളത്തിലെത്തിയത്. ബാഗിൽ കുറച്ചു തുണികളും ഫോണും പവർ ബാങ്കും 2500 രൂപയും കൊണ്ട് ആണ് ഇറങ്ങിയത്. ഒരു രൂപ പോലും മുടക്കാതെയാണ് സഞ്ചാരം. കഴിയുന്നത്ര നടക്കും. ആരെങ്കിലും ലിഫ്റ്റ് നൽകിയാൽ അതിൽ കയറും. സുരക്ഷിതമെന്ന് തോന്നുന്നിടത്തും ആരാധനാലയങ്ങളിലും കിടന്നുറങ്ങും. സോഷ്യൽ മീഡിയ വഴി അറിയുന്നവർ സഹായത്തിനെത്തും.

താമസ സൗകര്യവും ഭക്ഷണവും അവർ ഒരുക്കി നൽകും. ഒത്തിരി പേർ കിടക്കാൻ വീടുകളിൽ ഇടം നൽകി. എന്നാൽ താമസിക്കാൻ ഇടാമോ ഭക്ഷണമോ രോഹൻ ഇതുവരെ ആരോടും ചോദിച്ചു വാങ്ങിയിട്ടില്ല. ട്രാവൽ കൂട്ടായ്മയുടെ സഹകരണം എല്ലായിടത്തും രോഹന് കിട്ടുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നാണ് ഇടുക്കി വഴി കേരളത്തിൽ എത്തിയത്. കൊച്ചിയിൽ എത്തിയതിന് ശേഷമാണ് ജില്ലകൾ കടന്ന് കാസർകോട് എത്തിയത്. ഇന്ത്യ മുഴുവൻ കണ്ടതിന് ശേഷം സൈബീരിയയിൽ എത്തുകയാണ് ലക്ഷ്യം. പ്രത്യേക സമയ ക്രമീകരണങ്ങളൊന്നും രോഹൻ നടത്തിയിട്ടില്ല. യാത്ര ചെയ്യുന്നിടത്തെല്ലാം പ്ലാസ്റ്റിക്കിനെതിരെ പോരാടാനുള്ള സന്ദേശമാണ് പ്രചരിപ്പിക്കുന്നത്.

ശുചീകരണത്തിലും പങ്കാളിയാകുന്നു. കാസർകോട്ട് ജസീർ മധൂർ, മോണിഞ്ഞി മുസോടി എന്നിവർ വഴികാട്ടികളായി. മാലിക് ദീനാർ, മധൂർ ടെമ്പിൾ, ചൗക്കി, ചന്ദ്രഗിരി, മുസോടി തുറമുഖം, ഉപ്പള, തലപ്പാടി, കടന്ന് മംഗളൂരുവിലേക്ക് പോയി. കർണ്ണാടകത്തിൽ നിന്ന് ഗോവയിൽ പോകും. മഹാരാഷ്ട്ര നാഗ്പൂരിൽ വ്യാപാരം നടത്തുന്ന രമേശിന്റേയും സീമയുടെയും മകനാണ് രോഹൻ. ആറാം ക്ലാസുകാരി കനിക സഹോദരിയാണ്.


ബൈറ്റ്

കേരളം അതിമനോഹരമാണ് മലയാളികൾ സ്‌നേഹമുള്ളവരും. ഈ ചന്ദ്രഗിരിയുടെ തീരങ്ങൾ എത്ര സുന്ദരമാണ്. ഇവിടെ എത്തിയപ്പോൾ ഒരു പ്രത്യേക അനുഭവം ഫീൽ ചെയ്യുന്നു.

രോഹൻ അഗർവാൾ