തളിപ്പറമ്പ്: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തീവച്ച് നശിപ്പിച്ച കേസിലെ പ്രതി ഏഴ് വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. വെള്ളൂർ കാരയിലെ തീക്കൊടി ഹൗസിൽ ടി. സുധീഷിനെയാണ് തളിപ്പറമ്പ് സി.ഐ ദിനേശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പൂക്കോത്ത് തെരുവിലെ മണ്ണാട്ടി നിജേഷിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഷവർലെറ്റ് സ്പാർക്ക് കാറാണ് 2014 സെപ്തംബർ 21ന് രാത്രി തീവച്ച് നശിപ്പിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ പിന്നീട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. എസ്.ഐമാരായ ദിലീപൻ, ജാൻ, സി.പി.ഒ അബ്ദുൽ ജബ്ബാർ എന്നിവരും സുധീഷിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.