കൂത്തുപറമ്പ്: വാഹനാപകടത്തിനിടയിൽ ബസ് യാത്രികന്റെ പണമടങ്ങിയ ബാഗുമായി മുങ്ങിയ രണ്ടുപേരെ കൂത്തുപറമ്പ് പൊലീസ് പൊക്കി. പൊലീസ് നടത്തിയ സമർത്ഥമായ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം ഇരുവർക്കും പിടിവീണത്. വ്യാഴാഴ്ച രാവിലെ 9.15 ഓടെ ചാലക്കുന്നിൽ ബസിന് പിറകിൽ കാറിടിച്ചായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഏറേനേരം ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. അപകടവിവരം അറിയുന്നതിന് വേണ്ടിയാണ് ബസ് യാത്രക്കാരനായ നാറാത്ത് സ്വദേശിയായ സംഗീത് സീറ്റിൽ ബാഗും വച്ച് പുറത്തേക്ക് ഇറങ്ങിയത്. എന്നാൽ അൽപ്പസമയത്തിനകം തിരിച്ച് ബസിൽ എത്തുമ്പോഴേക്കും സീറ്റിൽ ബാഗുണ്ടായിരുന്നില്ല.

ഇതിനിടെ രണ്ടുപേർ ബാഗുമായി മാനന്തവാടി ബസിൽക്കയറുന്നത് മറ്റ് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് കൂത്തുപറമ്പ് പൊലീസിനെ ഉടൻ വിവരമറിയിക്കുകയായിരുന്നു. കൂത്തുപറമ്പ് സ്റ്റാൻഡിൽ വച്ച് പൊലീസ് ബസിൽ നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരം, മൂവാറ്റുപുഴ സ്വദേശികളിൽ നിന്ന് സംഗീതിന്റെ ബാഗ് കണ്ടെത്തിയത്. എന്നാൽ ബാഗ് തിരിച്ചുകിട്ടിയ സാഹചര്യത്തിൽ സംഗീത് പരാതിയിൽ നിന്ന് പിൻവാങ്ങി. സൃഹൃത്തിന്റേതെന്ന് കരുതിയാണ് ബാഗ് എടുത്തതെന്നായിരുന്നു ഇരുവരുടെയും മൊഴി.