തലശ്ശേരി: കോൺക്രീറ്റ് ചെയ്തുമൂടിയ ഓവുചാലുകൾ റോഡുകൾക്ക് 'ഭാര"മാവുന്നു. ഇരുവശവുമുള്ള ഓവുചാലുകൾ റോഡിന്റെ സംരക്ഷണ കവചമായി മാറേണ്ടതാണ് ഉപകാരമില്ലാതെ പോകുന്നത്. മഴവെള്ളം ഒഴുക്കിവിടുകയെന്ന ലക്ഷ്യത്തോടെയാണ് ഓവുചാൽ നിർമ്മിക്കുന്നത് തന്നെ. എന്നാൽ
കടകളിലേക്കും വീടുകളിലേക്കും റോഡിൽ നിന്ന് സഞ്ചാരവഴിയെന്ന നിലയിൽ കോൺക്രീറ്റ് പാലങ്ങൾ പണിയുന്നത് ഓവുചാലുകളുടെ ലക്ഷ്യത്തെത്തന്നെ തകർത്തു കളയുന്നുണ്ടെന്നാണ് ആക്ഷേപം.
മഴവെള്ളത്തോടൊപ്പം ഒഴുകി വരുന്ന മണ്ണും ചപ്പുചവറുകളും കോൺക്രീറ്റ് പാലങ്ങൾക്കടിയിൽ കോർക്കുകളായി രൂപപ്പെടുകയാണ്. ഇത് നീക്കിയെടുക്കുക എളുപ്പമല്ല. ഗ്രാമ -നഗര വ്യത്യാസമില്ലാതെ കാണപ്പെടുന്നതാണ് ഈ സവിശേഷത. തദ്ദേശ സ്ഥാപനങ്ങളിലെ ശുചീകരണത്തൊഴിലാളികൾ ചുമതലയെന്ന നിലയിൽ നീക്കംചെയ്‌തോളണമെന്ന നിലപാടും പൊതുജനങ്ങൾക്കുണ്ട്. ഓവുചാലുകളിൽ കിടന്നും നിരങ്ങിയും കഷ്ടപ്പെട്ടാലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കാനാവാത്ത സ്ഥിതിയാണ്. പ്രധാന റോഡുകളിൽ നിന്ന് വഴിതിരിയുന്ന റോഡുകൾക്ക് ബലവത്തായ കോൺക്രീറ്റ് പാലങ്ങൾ വേണമെന്നത് ശരി. എന്നാൽ റോഡിന്നിരുവശവുമുള്ള സകല കടകളിലേക്കും, വീടുകളിലേക്കും ഓവുചാലുകളടച്ചുള്ള പാലം നിർമ്മാണം തടഞ്ഞേ പറ്റൂവെന്നാണ് ആവശ്യം.
തേടുന്നത് ഉചിതമായ ബദൽ
പാലങ്ങൾക്കും, സ്ലാബുകൾക്കും പകരമായി എടുത്തുമാറ്റി ഓവുചാലുകൾ വൃത്തിയാക്കി പുനഃസ്ഥാപിക്കാൻ എളുപ്പമുള്ള ബദൽ സംവിധാനം ഉണ്ടാകണം. മാലിന്യ തൊട്ടികളായും, കക്കൂസ് മാലിന്യങ്ങളെ ഒഴുക്കാനുള്ള കുറുക്കുവഴിയായും ഓവുചാലുകളെ ഉപയോഗപ്പെടുത്തുന്നതും ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാവുന്നുണ്ട്. ഏത് പ്രദേശത്തായാലും റോഡിന്റെ സംരക്ഷണമുദ്ദേശിച്ച് കൃത്യമായി നിർമ്മിച്ച ഓവുചാലുകൾ തങ്ങളുടെ സ്വകാര്യാവശ്യങ്ങൾക്കായി ഇഷ്ടാനുസരണം മൂടുന്ന പ്രവണത അവസാനിപ്പിക്കണം.