പഴയങ്ങാടി: മാട്ടൂൽ ഗ്രാമ പഞ്ചായത്തിൽ തെക്കുമ്പാട് പ്രദേശത്തെ മാട്ടൂലുമായി ബന്ധിപ്പിക്കുന്ന തെക്കുമ്പാട് - മാട്ടൂൽ ആറുതെങ്ങ് ബോട്ട് സർവീസ് നിലച്ചു. വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മാട്ടൂൽ ഗ്രാമ പഞ്ചായത്ത്. കഴിഞ്ഞ ദിവസം ചേർന്ന ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗമാണ് ഐക്യകണ്ഠേന ഈ കാര്യം സർക്കാറിനോട് ആവശ്യപ്പെട്ടത്.
മാട്ടൂൽ - അഴീക്കൽ ഫെറി, മാട്ടൂൽ - പറശ്ശിനിക്കടവ് എന്നീ ബോട്ട് സർവീസുകൾ കേരള ജല ഗതാഗത വകുപ്പാണ് നടത്തിവരുന്നത്. എന്നാൽ കാലങ്ങളായി കാരറടിസ്ഥാനത്തിലാണ് തെക്കുമ്പാട്- മാട്ടൂൽ ആറുതെങ്ങ് ബോട്ട് സർവീസ് നടത്തിവന്നത്. സർവീസ് നഷ്ടത്തിലായതിനെ തുടർന്ന് 2014 മുതൽ കരാർ ഏറ്റെടുക്കാൻ ആരും തയ്യാറാവാതെ വരികയും ബോട്ട് സർവീസ് മുടങ്ങുകയുമായിരുന്നു. ഇതേത്തുടർന്ന് ജനങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധമുയർന്നതോടെ ഗ്രാമ പഞ്ചായത്ത് നേരിട്ട് ദിവസ വാടക വ്യവസ്ഥയിൽ സർവീസ് നടത്തുവാൻ ഒരാളെ ചുമതലപ്പെടുത്തി. എന്നാൽ ഗ്രാമ പഞ്ചായത്തിന്റെ ഈ നടപടി ചട്ട വിരുദ്ധമാണെന്ന് കണ്ടെത്തി സംസ്ഥാന ഓഡിറ്റിംഗ് വകുപ്പ് 2014 മുതൽക്ക് ദിവസ വാടകയായി നൽകി വന്നിരുന്ന മുഴുവൻ തുകയും തിരിച്ചുപിടിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് തെക്കുമ്പാട് - മാട്ടൂൽ ആറുതെങ്ങ് ബോട്ട് സർവീസ് പൂർണമായും നിലച്ചത്. ഒരാഴ്ചയായി ബോട്ട് മുടങ്ങിയിരിക്കുകയാണ്. ജനസേവനം ലക്ഷ്യമാക്കി ഗ്രാമ പഞ്ചായത്ത് സ്വീകരിച്ച നടപടി നിയമാനുസൃതമാക്കി സർക്കാർ ഉത്തരവുണ്ടാവണമെന്നും ഗ്രാമ പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
മറുകരയെത്താൻ സഹായിക്കണം
ജോലിക്കും ആശുപത്രിയിലേക്കും പോകുന്ന നിരവധി പേരെയും വിദ്യാർത്ഥികളെയും ബോട്ട് സർവീസ് മുടങ്ങിയത് ബാധിച്ചിരിക്കുകയാണ്. ജല ഗതാഗതവകുപ്പ് ബോട്ട് സർവീസ് നടത്തണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം. ബോട്ട് സർവീസ് സർക്കാർ ഏറ്റെടുക്കുന്നത് വരെ നിലവിലുള്ള രീതിയിൽ ദിവസ വാടക വ്യവസ്ഥയിൽ സർവീസ് നടത്താൻ അനുമതി നൽകണമെന്നും ഗ്രാമ പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.