കാസർകോട്: ഉത്തര കേരളത്തിന്റെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് തുടക്കം കുറിച്ചത് ജനകീയാസൂത്രണത്തിലൂടെയാണെന്ന് മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നദീതട വികസന സെമിനാറും ജനപ്രതിനിധികളെയും ജനകീയാസൂത്രണ പ്രവർത്തകരേയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. തോമസ് ഐസക്.

ജനസംഖ്യാനുപാതികമായി വിഹിതം ലഭ്യമാക്കാൻ സാധിച്ചതിനാലാണ് തെക്കൻ കേരളത്തിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന വികസന പ്രവർത്തനങ്ങൾ കാസർകോടും എത്തിക്കാൻ സാധിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ജനപ്രതിനിധികളായ ടി.വി. ഗോവിന്ദൻ, എം.സി. ഖമറുദ്ദീൻ, പി. അഷറഫലി, പി. നാരായണൻ, പ്രഭാകര ചൗട്ട, പുഷ്പ അമേക്കള, ചന്ദ്രശേഖരൻ ദേലംപാടി, എം.ശങ്കർ റേ, സി. ശാരദ, ചന്ദ്രശേഖരൻ ദേലംപാടി, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ.പി വത്സലൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ഷിനോജ് ചാക്കോ, അഡ്വ. എസ്.എൻ സരിത, ജനകീയാസൂത്രണം മുൻ ജില്ലാ കോ-ഓർഡിനേറ്റർമാരായ പി.വി. പത്മനാഭൻ, കെ. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാർ സംസാരിച്ചു.