ഇരിട്ടി: വന്യജീവികളുടെ ആക്രമണം മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിൽ ഒരാൾക്ക് സ്ഥിരമായ സർക്കാർ ജോലിയും നൽകണമെന്നും വനത്തിൽ നിന്നും വന്യജീവികൾ ജനവാസ കേന്ദ്രത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ വനമേഖലക്ക് ചുറ്റും ആനമതിലും സോളാർ വേലിയും ഉടൻ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടു ഇരിട്ടി എസ്.എൻ.ഡി.പി യോഗം യൂണിയന്റെ ആഭിമുഖ്യത്തിൽ കല്ലുമുട്ടി ആറളം വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ധർണാ സമരം എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.വി അജി അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ ഇബ്രാഹിം മുണ്ടേരി, കെ. ശിവശങ്കരൻ, വത്സൻ അത്തിക്കൽ, എസ്.എൻ.ഡി.പി യോഗം യൂണിയൻ ഭാരവാഹികളായ പി.എൻ ബാബു, കെ.കെ സോമൻ, പി.ജി ജയരാജ്, പി.ജി രാമകൃഷ്ണൻ, ശാഖ ഭാരവാഹികളായ എം.എം ചന്ദ്രബോസ്, പനയ്ക്കൽ അനൂപ്, എം. ബിജുമോൻ, ബിന്ദു ദനേഷ്, നിർമ്മല അനിരുദ്ധൻ എന്നിവർ പ്രസംഗിച്ചു.