അന്തിമവിജ്ഞാപനം പരിസ്ഥിതി ആഘാതപഠനത്തിനു ശേഷം
കണ്ണൂർ: കേരളത്തിന്റെ സ്വപ്നപദ്ധതിയായ സെമി ഹൈസ്പീഡ് സിൽവർ ലൈൻ റെയിൽ പദ്ധതിയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഏറ്റെടുത്ത സ്ഥലത്ത് അടുത്ത മാസത്തോടെ സർവേക്കല്ലുകൾ സ്ഥാപിക്കാൻ തീരുമാനം. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ആദ്യവിജ്ഞാപനം (സിക്‌സ് വൺ നോട്ടിഫിക്കഷൻ) പുറപ്പെടുവിച്ച പ്രദേശങ്ങളിലായിരിക്കും സർവേക്കല്ലിടുന്നത്. ഈ ഭൂമിയിലൂടെയാണ് നിർദ്ദിഷ്ട കെ റെയിൽ കടന്നു പോകുന്നതെന്ന് തെളിയിക്കാനാണ് സർവ്വേക്കൽ സ്ഥാപിക്കുന്നതെങ്കിലും പരിസ്ഥിതി ആഘാത പഠനത്തിനു ശേഷം മാത്രമെ അന്തിമ വിജ്ഞാപനമുണ്ടാകുയുള്ളൂ.
പ്രളയവും ഉരുൾപൊട്ടലും തുടരുന്ന സാഹചര്യത്തിൽ കെ റെയിൽ കൂടി വന്നാൽ ഭൂമിയുടെ നിലവിലുള്ള സന്തുലിതാവസ്ഥ അവതാളത്തിലാകുമെന്ന ആശങ്ക പരിസ്ഥിതി പ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ കെ റെയിൽ പരിസ്ഥിതിക്ക് ഒരുതരത്തിലും കോട്ടം തട്ടില്ലെന്ന നിലപാടിലാണ് സർക്കാർ.
നടപടികൾ വേഗത്തിലാക്കാൻ ലാൻഡ് അക്വിസിഷൻ ഓഫീസ് കണ്ണൂരിൽ തുടങ്ങും. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഓഫിസുകൾ ഇതിനകം ആരംഭിച്ചു. 15 മുതൽ 20 മീറ്റർ വീതിയിലാണ് ഭൂമിയേറ്റെടുക്കൽ. അന്തിമരൂപരേഖയിൽ ഏതാണ്ട് നിലവിലെ പാതയ്ക്ക് സമാന്തരമായാണ് അതിവേഗപാതയും കടന്നുപോകുന്നത്. പാത കടന്നുപോകുന്ന മേഖലകളിൽ നിരവധി വീടുകളും കെട്ടിടങ്ങളുമുണ്ട്. എടക്കാട് അടക്കമുള്ള പ്രദേശങ്ങളിൽ റെയിൽ പാതയും ദേശീയപാതയും തമ്മിൽ ചുരുങ്ങിയ അകലം മാത്രമാണുള്ളത്. കോറിഡോർ കടന്നുപോകുന്ന സ്ഥലങ്ങളെ മറ്റു റെയിലുകൾ വഴി ഹൈസ്പീഡ് പാതയുമായി ബന്ധിപ്പിച്ച് സ്‌മാർട്ട് ടൗൺഷിപ്പുകളാക്കാനും പദ്ധതിയുണ്ട്.
ഭൂമി ഏറ്റെടുക്കൽ സർവ്വേ പൂർത്തിയാക്കി
ആധുനിക സാങ്കേതികവിദ്യയായ ലിഡാർ എന്ന റിമോർട്ട് സെൻസിംഗ് സംവിധാനം ഉപയോഗിച്ചതിനാൽ കുറഞ്ഞ സമയംകൊണ്ട് ഭൂമി ഏറ്റെടുക്കൽ സർവേ പൂർത്തിയാക്കി. നെൽവയൽ–- തണ്ണീർത്തട പ്രദേശങ്ങൾ പരമാവധി ഒഴിവാക്കി ആകാശപാതയാണ് നിർമ്മിക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിക്ക് ഹെക്ടറിന് 9.6 കോടി രൂപയാണ് നഷ്‌ടപരിഹാരം നൽകുന്നത്. സംസ്ഥാനത്തെ വികസന ചരിത്രത്തിൽ ഏറ്റവും വലിയ തുകയാണിത്.1383 ഹെക്ടർ ഭൂമിയാണ് പുനരധിവാസം ഉൾപ്പെടെ ആവശ്യം. ഇതിൽ 1198 ഹെക്ടർ ഭൂമി സ്വകാര്യ ഭൂമിയാണ്. സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം 13,362 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. കാസർകോട് –-തിരുവനന്തപുരം റൂട്ടിൽ നിർത്തിവച്ച 11 കിലോമീറ്റർ സർവേയും പൂർത്തിയാക്കി. കണ്ണൂർ ചാലക്കുന്നിനും കൊയിലാണ്ടിക്കും ഇടയിൽ മുടങ്ങിയ ആകാശസർവേയും പൂർത്തിയാക്കി.
സെമി ഹൈസ്പീഡ് സിൽവർ ലൈൻ റെയിൽ പദ്ധതി
ചെലവ് 66,405 കോടി
ദൂരം 532 കിലോ മീറ്റർ
ഭൂമി ഏറ്റെടുക്കാൻ 7,720 കോടി
2024ൽ പൂർത്തിയാകും
88 കിലോ മീറ്ററും ആകാശപാത
പൊളിച്ചു മാറ്റുന്നത് 9314 കെട്ടിടങ്ങൾ
സി.ആർ.ഇസെഡ് സോണുകളെയും കണ്ടൽക്കാടുകളെയും കുറിച്ചുള്ള വിശദ റിപ്പോർട്ട് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ സെന്റർ ഫോർ സസ്‌റ്റൈനബിൾ കോസ്‌റ്റൽ മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു
വി. അജിത്കുമാർ, എം.ഡി, കെ. റെയിൽ