കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം. കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഡോ. വി.പി.പി. മുസ്തഫയെ സി.ബി.ഐ. ഇന്ന് ചോദ്യം ചെയ്തേക്കും.
തിങ്കളാഴ്ച ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്ന് ഡിവൈ.എസ്.പി. ടി.പി. അനന്തകൃഷ്ണൻ മുസ്തഫയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്യുന്നതിന് ഹാജരാകാൻ നോട്ടീസ് ഒന്നും നൽകിയിട്ടില്ല. അതേസമയം തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരായേക്കുമെന്ന് മുസ്തഫയുമായി അടുത്ത വൃത്തങ്ങൾ സൂചന നൽകി.
ഇരട്ടക്കൊലയ്ക്ക് മുൻപ് പെരിയ കല്യോട്ട് നടന്ന സി.പി.എം. പ്രതിഷേധ പൊതുയോഗത്തിൽ മുസ്തഫ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ വിവാദമായിരുന്നു. ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഇതിന്റെ പശ്ചാത്തലത്തിൽ മുസ്തഫയെ ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ സാക്ഷിയാണ് മുസ്തഫ. പ്രസംഗം വിവാദമായപ്പോൾ വാക്കുകൾ വളച്ചൊടിച്ചാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നും കൊലയും പ്രസംഗവും തമ്മിൽ ബന്ധമില്ലെന്നും വിശദീകരിച്ച മുസ്തഫ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കുണ്ടായ വേദനയിൽ ദുഃഖമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. സി.ബി.ഐയുടെ ചോദ്യം ചെയ്യലിലും ഇതേ നിലപാട് തന്നെയായിരിക്കും മുസ്തഫ സ്വീകരിക്കുക എന്നാണ് കരുതുന്നത്.