football

കണ്ണൂർ: സന്തോഷ്‌ ട്രോഫി ഫുട്‌ബാൾ കോച്ചിംഗ് ക്യാമ്പിലേക്ക്‌ കണ്ണൂരിൽ നിന്ന്‌ നാലുതാരങ്ങൾ. കണ്ണൂർ എസ്‌.എൻ കോളേജിലെ മൂന്നുപേരും കണ്ണൂർ യുണൈറ്റഡ്‌ ക്ലബ്ബിൽ നിന്നുള്ള ഒരാളുമാണ്‌ 35 അംഗ സാദ്ധ്യതാടീമിൽ ഇടംപിടിച്ചത്‌.

സ്റ്റോപ്പർ ബാക്ക്‌ കക്കാട്‌ പള്ളിപ്രത്തെ എം. ഷിബിൻ സഹദ്‌, ഗോൾ കീപ്പർ കൂത്തുപറമ്പ് കിണവക്കലിലെ സി. മുഹമ്മദ്‌ ഇക്‌ബാൽ, സെന്റർഹാഫ്‌ കാസർകോടുകാരനായ എം. റാഷിദ്‌ (മൂവരും കണ്ണൂർ എസ്‌.എൻ കോളേജ്‌), റൈറ്റ്‌വിംഗ് ബാക്ക്‌ തയ്യിലെ ടി.പി. ജീവൻ (കണ്ണൂർ യുനൈറ്റഡ്‌ ക്ലബ്‌) എന്നിവരാണ്‌ ക്യാമ്പിലെത്തിയത്‌. എല്ലാവരും ബിരുദ വിദ്യാർത്ഥികളാണ്‌. 16 വർഷത്തിനു ശേഷമാണ്‌ കണ്ണൂരിൽനിന്ന്‌ ഇത്രയും പേർ ക്യാമ്പിലെത്തുന്നത്‌. കഴിഞ്ഞ തവണ ഒരാൾ മാത്രമെ കണ്ണൂരിൽനിന്ന്‌ ടീമിലുണ്ടായിരുന്നുള്ളൂ. സന്തോഷ്‌ ട്രോഫി നേടിയ കേരള ടീമിന്റെ ക്യാപ്‌റ്റൻ വി. മിഥുനാണ്‌ കണ്ണൂരിന്റെ അഭിമാനമായത്‌. ഗോൾ കീപ്പറായ മിഥുൻ ഇക്കുറിയും ടീമിലുണ്ടാവുമെന്ന്‌ ഉറപ്പാണ്‌.
പയ്യന്നൂർ കോളേജ് ടീമംഗങ്ങളായ ഹാഫ്‌ ബാക്ക്‌ ആകാശ്‌ രവി, സ്ട്രൈക്കർ മുഹമ്മദ്‌ ശിഹാബ്‌, ലെഫ്‌റ്റ്‌ വിംഗ് ബാക്ക്‌ മുഹമ്മദ്‌ സാബിഹ്‌ എന്നിവരും ക്യാമ്പിലുണ്ട്. തൃക്കരിപ്പൂർ സ്വദേശികളായ മൂവരും ബിരുദ വിദ്യാർത്ഥികളാണ്‌. എറണാകുളത്ത്‌ നടന്ന അന്തർസംസ്ഥാന ഫുട്‌ബാൾ ടൂർണമെന്റിലായിരുന്നു സെലക്‌ഷൻ നടന്നത്‌. മുൻ ഇന്ത്യൻ ക്യാപ്‌റ്റൻ കെ.വി. ധനേഷ്‌, സന്തോഷ്‌ ട്രോഫി ടീമിന്റെ നായകനായിരുന്ന നൗഷാദ്‌, കേരള ഫുട്‌ബാൾ ടീം അസിസ്‌റ്റന്റ്‌ കോച്ച്‌ പുരുഷോത്തമൻ എന്നിവരായിരുന്നു സെലക്ടർമാർ. എറണാകുളത്താണ്‌ കോച്ചിംഗ് ക്യാമ്പ്‌. സന്തോഷ്‌ ട്രോഫി ഫൈനൽ റൗണ്ട്‌ മത്സരങ്ങൾ മഞ്ചേരിയിലാണ്‌ നടക്കുന്നത്‌.