നീലേശ്വരം: സ്വന്തമായി പൊതുശ്മശാനം ഇല്ലാതിരുന്ന കിനാനൂർ -കരിന്തളം പഞ്ചായത്തി‍ൽ 65 ലക്ഷം ചെലവിട്ട് പണിത ഗ്യാസ് ക്രിമറ്റോറിയം 'ശാന്തിഗേഹം' 23ന് രാവിലെ 11.30ന് ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചോയ്യങ്കോട് ചൂരിപ്പാറയിൽ പ്രകൃതി സൗഹൃദാന്തരീക്ഷത്തിൽ സൗന്ദര്യവത്കരണത്തോടെയാണ് ക്രിമിറ്റോറിയം നിർമ്മിച്ചിരിക്കുന്നത്.

ജില്ല ശുചിത്വമിഷൻ, ജില്ല പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ആധുനിക രീതിയിലുള്ള ഗ്യാസ് ക്രിമറ്റോറിയം പണിതിട്ടുള്ളത്. രണ്ടര വർഷം മുമ്പ് തുടങ്ങിയ പ്രവൃത്തി കൊവിഡും ലോക്ക് ഡൗണും മൂലമാണ് നീണ്ടുപോയത്.

പുൽമേടുകൾക്ക് നടുവിൽ

ക്രിമറ്റോറിയത്തിന്റെ നടവഴിയിൽ ഇരുഭാഗത്തും പുൽമേടുകൾ വച്ച് പിടിപ്പിച്ചാണ് സൗന്ദര്യവത്കരിച്ചിരിക്കുന്നത്. ക്രിമറ്റോറിയം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ രണ്ട് ഏക്കറോളം വിസ്തൃതിയുള്ള ക്രിമറ്റോറിയത്തിന്റെ ബാക്കി ഭാഗങ്ങളിലും പുൽമേടുകൾ ഒരുക്കും. കുട്ടികളുടെ പാർക്കുകളും കളിസ്ഥലവും ഉണ്ടാക്കാനും പഞ്ചായത്തിന് പദ്ധതിയുണ്ട്. ക്രിമറ്റോറിയം നടത്തിപ്പിന് രണ്ട് ജീവനക്കാരെയും നിയമിക്കും. ക്രിമറ്റോറിയം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ മറ്റ് പ്രദേശത്തുള്ളവർക്കും ഇവിടെ സംസ്കാരം നടത്താനാകും.