ചെറുപുഴ: കാക്കടവ് ഡാം നിർമ്മിക്കുന്നതിനുള്ള ശ്രമം വീണ്ടും ആരംഭിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ കയ്യൂർ-ചീമേനി, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ചെറുപുഴ, പെരിങ്ങോം-വയക്കര പഞ്ചായത്തുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം കയ്യൂർ-ചീമേനി പഞ്ചായത്തിൽ വിളിച്ചു ചേർത്തിരുന്നു. കാസർകോട് വികസന പാക്കേജിന്റെ ഭാഗമായി പദ്ധതി നടപ്പാക്കാനുള്ള ശ്രമമാണ് അധികൃതർ പുനഃരാരംഭിച്ചിരിക്കുന്നത്. ഇതിനായി ഗൂഗിൾ മീറ്റും തുടർന്ന് കാസർകോട് കളക്ടറേറ്റിൽ ജില്ലയിലെ ഡാം നിർമ്മാണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് യോഗം ചേർന്നിരുന്നു.
ചർച്ചയിൽ കാസർകോട് ജില്ലയിൽ നദികൾ ഉണ്ടെങ്കിലും ആവശ്യത്തിന് ജലം സംഭരിക്കുവാൻ വലിയ ഡാമുകൾ ഇല്ലാത്തത് വേനൽ കാലത്ത് കുടിവെളളക്ഷാമത്തിന് ഇടയാക്കുന്നതായി വിലയിരുത്തിയിരുന്നു. 1970-90 കാലത്ത് സജീവ പരിഗണനയിൽ ഉണ്ടായിരുന്നതും ഉയരക്കൂടുതൽ കാരണം നിർത്തലാക്കേണ്ടി വന്ന കാക്കടവ്, മൂന്നാംകടവ്, പയസ്വിനി എന്നിവിടങ്ങളിലെ ഡാം നിർമാണ പദ്ധതി നടപ്പാക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്. യോഗത്തിൽ കാസർകോട് എം.പി, എം.എൽ.എമാർ, ജില്ലാ കളക്ടർ എന്നിവർ പങ്കെടുത്തു.
മൂന്ന് പദ്ധതികൾ നടപ്പാക്കുന്നതിലൂടെ കാസർകോട് ജില്ലയിലെ ജലസേചന കുടിവെള്ള പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തൽ. ഇതിനു പുറമെ കാസർകോട് ജില്ലയിലെ കയ്യൂർ-ചീമേനി, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കണ്ണൂർ ജില്ലയിലെ ചെറുപുഴ, പെരിങ്ങോം-വയക്കര എന്നീ പഞ്ചായത്തുകളിലെ ജലസേചനത്തിനും ഭൂഗർഭ ജല റീചാർജ് ചെയ്യാനും ജില്ലയിൽ മിനി മൈക്രോ ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷനും സ്ഥാപിക്കാനും സാധിക്കുമെന്നും അധികൃതർ പറയുന്നു. എം. രാജഗോപാൽ എം.എൽ.എ, കാസർകോട് ജില്ലാ കളക്ടർ, കാസർകോട് ജില്ലാ പഞ്ചായത്ത് അധികൃതർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ചെറുപുഴ, പെരിങ്ങോം-വയക്കര പഞ്ചായത്ത് അധികൃതർ ഡാം നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യം യോഗത്തിൽ ഉന്നയിച്ചു.
നേരത്തെ പദ്ധതി നടപ്പാക്കാൻ ശ്രമിച്ച സമയത്ത് കാക്കടവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭം നടന്നിരുന്നു. ഇതേത്തുടർന്നാണ് അധികൃതർ പദ്ധതി ഉപേക്ഷിച്ചത്. നേരത്തെ ഉപേക്ഷിച്ച കാക്കടവ് പദ്ധതി അതേ രൂപത്തിൽ നടപ്പാക്കിയാൽ ചെറുപുഴ, പെരിങ്ങോം പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെളളത്തിനടിയിലാകുമെന്ന ആശങ്ക നിലനിൽക്കുകയാണ്.