പഴയങ്ങാടി: മാടായി സർവീസ് സഹകരണ ബാങ്കിന്റെ പുതിയങ്ങാടി മൊട്ടാമ്പ്രം ശാഖയിൽ മോഷണശ്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമെന്ന് കരുതുന്നു. ഇന്നലെ രാവിലെ ശാഖ തുറക്കാനെത്തിയ ജീവനക്കാരാണ് ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. ഷട്ടറിന്റെ സെന്റർ പൂട്ട് തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പഴയങ്ങാടി എസ്.ഐ കെ. ഷാജുവും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിലും ഇതിന് സമീപത്തുള്ള കടകളുടെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. ബാങ്ക് ശാഖയിൽ സെക്യൂരിറ്റി ജീവനക്കാരൻ അവധിയിൽ ആയിരുന്നു. ശാഖയിലെ മോഷണശ്രമം ജനങ്ങളിലും വ്യാപാരികളിലും പരിഭ്രാന്തി പരത്തിയിട്ടുണ്ട്.