പയ്യന്നൂർ: കൈക്കൂലി വാങ്ങുന്നതിനിടയിൽ പയ്യന്നൂർ സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ. കരിവെള്ളൂർ സ്വദേശി പി.വി. പ്രസാദി (45)നെയാണ്

കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

വെള്ളൂരിൽ ഓട്ടോ കൺസൽട്ടന്റ് സ്ഥാപനം നടത്തുന്ന സി.പി. ബാബുവിന്റെ പരാതിയിലാണ് അറസ്റ്റ്. ബാബു രണ്ട് വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിരുന്നു. ഇതുനൽകണമെങ്കിൽ 6000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവത്രെ.

3000 രൂപ കൊടുക്കാമെന്നു പറഞ്ഞുവെങ്കിലും വഴങ്ങിയില്ലെന്നും കൊവിഡ് കാലമായതിനാൽ 3000 പേരെന്ന് പറഞ്ഞതായും ബാബു പറയുന്നു. ഇതേ തുടർന്ന് തിങ്കളാഴ്ച രാവിലെ ബാബു വിജിലൻസിൽ പരാതി നൽകുകയായിരുന്നു.

വിജിലൻസ് സംഘം 2000, 500 നോട്ടുകൾ അടങ്ങുന്ന 6000 രൂപ ഫിനോഫ്തലിൻ പുരട്ടി ബാബുവിന്റെ കെെയിൽ കൊടുത്തയയ്ക്കുകയായിരുന്നു. വൈകിട്ട് മൂന്ന് മണിയോടെ ബാബു തുകയുമായി പയ്യന്നൂർ ഓഫീസിലെത്തി എ.എം.വി.ഐക്ക് കൈമാറി. പിന്നാലെയെത്തിയ വിജിലൻസ് സംഘം പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.

രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് അറസ്റ്റ്. സി.ഐ. പി.ആർ. മനോജ്, എസ്.ഐ കെ.പി. പങ്കജാക്ഷൻ, എ.എസ്.ഐമാരായ എം.വി. വിനോദ്കുമാർ, പി. നിജേഷ്, പി. ബിജു എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം രാത്രിയോടെ അറസ്റ്റിലായ എ.എം.വി.ഐ. പ്രസാദിനെ തലശേരി വിജിലൻസ് കോടതി ജഡ്ജി മുമ്പാകെ ഹാജരാക്കി.