മാഹി: മാഹിയിൽ തിരഞ്ഞെടുപ്പ് നടക്കുമോ, നടന്നാൽ അത് എപ്പോഴായിരിക്കുമെന്നൊന്നും ആർക്കും നിശ്ചയമില്ല. എന്നാൽ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടു തന്നെ രാഷ്ട്രീയ പാർട്ടികളുൾപ്പടെയുള്ള സംഘടനകൾക്ക് മയ്യഴിയിൽ ഒരു പരിപാടിയും നടത്താനാവില്ല. നടക്കുന്നതാവട്ടെ, മാഹിക്ക് ചുറ്റുമുള്ള കേരളത്തിലെ അഴിയൂർ, ന്യൂമാഹി, ചൊക്ളി പഞ്ചായത്തുകളിൽ വെച്ചാണ്.
കഴിഞ്ഞ ആഴ്ച, പൊതുതാൽപ്പര്യ ഹരജിയിലൂടെ തിരഞ്ഞെടുപ്പ് നടത്താൻ സുപ്രിം കോടതിയിൽ നിന്ന് ഉത്തരവ് നേടിയ അഡ്വ. ടി. അശോക് കുമാറിന് മയ്യഴി പൗരാവലി സ്വീകരണം നൽകിയത് ന്യൂ മാഹിയിലെ കലാഗ്രാമം ഓഡിറ്റോറിയത്തിൽ വെച്ചാണ്. അടുത്ത ആഴ്ച കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കുന്ന കണ്ണിപൊയിൽ ബാബുവിനെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങ് നടക്കുന്നത് ചൊക്ളി ഓറിയന്റൽ ഹൈസ്‌കൂൾ പരിസരത്തും.
പുതുക്കിയ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മാഹിയിൽ ഒക്ടോബർ 22മുതൽ നോമിനേഷൻ നൽകാവുന്നതാണ്. ഹൈക്കോടതി ഈ നോട്ടിഫിക്കേഷൻ സ്റ്റേ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ പെരുമാറ്റച്ചട്ടം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സുപ്രീം കോടതിയിൽ നാലുമാസത്തെ സമയം ചോദിച്ചുകൊണ്ടുള്ള കേസ് 20 തിന് ശേഷമേ പരിഗണിക്കുകയുള്ളൂ. ചെന്നൈ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നോട്ടിഫിക്കേഷൻ ഇറക്കിയത്. അതുകൊണ്ട് തന്നെ ഈ നോട്ടിഫിക്കേഷൻ 21ന് സ്റ്റേ ചെയ്യുവാൻ കഴിയില്ല.