ആലക്കോട്: 'വെടക്കാക്കി തനിക്കാക്കി, ഒടുക്കം പെരുവഴിയിലാക്കി", ഈ പ്രയോഗമാണ് മലയോര ജനതയോട് കെ.എസ്.ആർ.ടി.സി കാണിച്ച നീതികേടിന് പറയാവുന്നത്. മലയോര കുടിയേറ്റ കേന്ദ്രമായ ആലക്കോട് ഭാഗത്തുനിന്നും രാവിലെ പുറപ്പെടുന്ന ബസുകൾ ഒന്നാകെ നിറുത്തലാക്കിയ നടപടി ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയായി.
നാല് പതിറ്റാണ്ടിലേറെയായി മുടങ്ങാതെ സർവീസ് നടത്തിവന്നിരുന്നതും റെക്കാഡ് കളക്ഷൻ ലഭിച്ചുവന്നതുമായ മണക്കടവ് -പൊൻകുന്നം സൂപ്പർഫാസ്റ്റ് ദീർഘദൂര ബസ് സർവീസ് യാതൊരു മുന്നറിയിപ്പുമില്ലാതെ നിറുത്തലാക്കുകയായിരുന്നു. വെളുപ്പിന് അഞ്ചരയ്ക്ക് മണക്കടവിൽ നിന്നും ആരംഭിക്കുന്ന ഈ ബസ് സർവീസിനെ ആശ്രയിച്ച് ദൂരെ സ്ഥലങ്ങളിൽ ജോലിക്കായി പോയ്‌ക്കൊണ്ടിരുന്ന നിരവധി യാത്രക്കാരുണ്ടായിരുന്നു.

അതുപോലെതന്നെ നിറയെ യാത്രക്കാരുമായി മുടങ്ങാതെ കഴിഞ്ഞ 10 വർഷത്തോളമായി സർവീസ് നടത്തിവന്നിരുന്ന ചീക്കാട് -ആലക്കോട് -കണ്ണൂർ റെയിൽവേ സ്റ്റേഷൻ സർവ്വീസും പൊടുന്നനെ നിറുത്തലാക്കി. പുലർച്ചെ 4.30ന് ചീക്കാട് നിന്നും പുറപ്പെട്ട് ആറരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ കൊണ്ടുവിടുന്ന ഈ ബസ് സർവീസിനെ ആശ്രയിച്ചിരുന്നവരിൽ ഭൂരിഭാഗവും രാവിലത്തെ പരശുറാം ട്രെയിനിന്റെ യാത്രക്കാരായിരുന്നു. ഈ രണ്ട് ബസ് സർവീസുകളും വളരെ ലാഭത്തിലുള്ളതായിട്ടും എന്തിന് നിറുത്തലാക്കി എന്നതിന് യാതൊരു മറുപടിയും കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് നല്കുന്നില്ല.

എങ്ങോട്ടുപോയി ലോഫ്ളോർ?

കണ്ണൂരിൽ നിന്നും ലോഫ്‌ളോർ ബസ് ആരംഭിച്ചപ്പോൾ മണക്കടവിലേയ്ക്കും ഒന്ന് അനുവദിക്കുകയും ഭേദപ്പെട്ട കളക്ഷൻ ലഭിക്കുകയും ചെയ്തിരുന്നു. ഇടക്കാലത്ത് രണ്ട് ലോഫ്‌ളോർ ബസുകളും ഈ റൂട്ടിൽ സർവീസ് നടത്തിവരികയുണ്ടായി. ഇന്ന് ഇതൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. ഇതുകൂടാതെ ആലക്കോട് മേഖലയിലെ വിവിധ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നും പത്തിലധികം സർവീസുകൾ നടത്തിവന്നിടത്ത് ഇപ്പോൾ രണ്ടോ മൂന്നോ ബസുകൾ മാത്രമായി ചുരുങ്ങി. ഒരു കാലഘട്ടത്തിൽ സ്വകാര്യ ബസുകളുടെ കുത്തകയായിരുന്ന ആലക്കോട് റൂട്ടിൽ കെ.എസ്.ആർ.ടി.സി യ്ക്ക് പേരും പെരുമയും നേടിക്കൊടുത്ത റൂട്ടുകളൊക്കെ ഇന്ന് അനാഥമായിക്കിടക്കുകയാണ്.

നഷ്ടത്തിലേയ്ക്ക് താണുകൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി തികച്ചും ആത്മഹത്യാപരമായ തീരുമാനമാണ് സർവീസുകൾ നിറുത്തലാക്കിയതിലൂടെ കൈക്കൊണ്ടിരിക്കുന്നത്. കെ.എസ്.ആർ.ടി.സിക്ക് വേണ്ടെങ്കിൽ സ്വകാര്യ ബസുകൾക്ക് ഈ റൂട്ടുകളിൽ സർവീസ് നടത്തുവാനുള്ള അനുവാദം നൽകണം.

യാത്രക്കാർ