കാഞ്ഞങ്ങാട്: ലോക്ക് ഡൗൺ ഇളവുകൾ ലഭിച്ചിട്ടും കെ.എസ്.ആർ.ടി.സി ഭാഗികമായി മാത്രം സർവീസ് നടത്തുന്നത് ജനങ്ങളുടെ യാത്രാ ദുരിതം ദുസ്സഹമാക്കുന്നു. ദൈനംദിന ജീവിതത്തിന് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരായ തൊഴിലാളികളാണ് ഏറെ പ്രയാസപെടുന്നത്. പ്രതിദിന കലക്ഷൻ രണ്ടര ലക്ഷത്തിൽ കുറവ് വരുന്ന ഷെഡ്യൂളുകളാണ് വെട്ടിച്ചുരുക്കിയത്.

നിർത്തിവച്ച ഷെഡ്യൂളുകൾ ഇതുവരെയായും പുനരാരംഭിച്ചിട്ടില്ല. വൈകുന്നേരമായാൽ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ എത്തുന്ന തൊഴിലാളികൾക്ക് ഓട്ടോറിക്ഷ മാത്രമാണ് ആശ്രയം. 59 ഷെഡ്യൂളുകൾ ഉണ്ടായിരുന്ന ചെമ്മട്ടം വയലിലെ സബ് ഡിപ്പോ കഴിഞ്ഞ മാർച്ചിൽ കൊവിഡിന്റെ ഭാഗമായി 33 ഷെഡ്യുളുകൾ വെട്ടിച്ചുരുക്കിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് പൂർണ്ണമായും അടച്ചിട്ടു. അവശ്യ സർവീസുകൾ മാത്രം നടത്തി..

കണ്ണൂർ- കാസർകോട് സർവീസ് 60 ശതമാനവും തുടങ്ങി. എന്നാൽ കൊന്നക്കാട്, പാണത്തൂർ ഭാഗങ്ങളിലേക്കുള്ള ബസ് ഷെഡ്യൂൾ 50 ശതമാനം പോലും നടക്കുന്നില്ല. കർണാടക സുള്ള്യയിലേക്കുള്ള മൂന്ന് സർവീസും നിർത്തിവച്ചിരിക്കുകയാണ്. മലയോരത്തേക്കുള്ള സർവീസുകളിലാണ് സാരമായ കുറവനുഭവപ്പെടുന്നത്. പല സർവീസുകളും പാതിവഴിയിൽ നിർത്തിവെക്കുന്ന സാഹചര്യവുമുണ്ട്. റോഡുപണി നടക്കുന്നതിനാൽ നിർത്തിവച്ച സർവീസുകളുമുണ്ട്. എം പാനൽ ജീവനക്കാർ അടക്കം 104 കണ്ടക്ടർമാരും അത്രയും തന്നെ ഡ്രൈവർമാരുമാണ് സബ്ഡിപ്പോയ്ക്ക് കീഴിൽ ജോലി ചെയ്യുന്നത്.