കാഞ്ഞങ്ങാട്: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ അരങ്ങുകൾ തിരിച്ചുപിടിക്കാൻ നാടക പരിശീലന ക്യാമ്പ്കൾക്കു തുടക്കം. കേരള സംഗീത നാടക അക്കാഡമിയുടെ ധനസഹായത്തോടെ വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി സർഗവേദി ഒരുക്കുന്ന നാടകത്തിന്റെ പരിശീലന ക്യാമ്പ് തുടങ്ങി. ശ്രീജിത്ത് പൊയിൽക്കാവ് രചനയും സംവിധാനവും നിർവഹിക്കുന്ന ഭൂപടത്തിൽ ഇല്ലാത്തവർ എന്ന നാടകമാണ് അമേച്വർ നാടക സംഘങ്ങൾക്കുള്ള 2 ലക്ഷം രൂപയുടെ ധനസഹായ പദ്ധതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

ക്യാമ്പ് സർഗവേദി രക്ഷാധികാരി അഡ്വ. എം.സി. ജോസ് ഉദ്ഘാടനം ചെയ്തു. സർഗവേദി പ്രസിഡന്റ് വി.വി. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി. മുരളീധരൻ, മുൻ പ്രസിഡന്റുമാരായ പി. ജയചന്ദ്രൻ, കെ. ഗോപി, സർഗവേദി സെക്രട്ടറി വിനീഷ് വിജയ്, പി.സി മണി, കോ- ഓർഡിനേറ്റർ കെ.സന്തോഷ് എന്നിവർ പ്രസംഗിച്ചു. അശാസ്ത്രീയ വികസനം ചവിട്ടിമെതിക്കുന്ന സാധാരണക്കാരുടെ ജീവിതമാണ് നാടകത്തിന്റെ പ്രമേയം. ഇരു ഭാഗത്തും പ്രേക്ഷകർക്കിരുന്നു നാടകം കാണാവുന്ന സാൻഡ് വിച്ച് തീയേറ്റർ സങ്കേതത്തിൽ തുറന്ന വേദിയിലാണ് നാടകം അരങ്ങേറുക.