നീലേശ്വരം: മത്സ്യത്തൊഴിലാളികളും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന അഴിത്തല നിവാസികൾക്ക് പെരുമഴയിലും കുടിക്കാൻ കുടിവെള്ളമില്ല. ഇന്നും തൊട്ടടുത്ത പ്രദേശത്തെ ആശ്രയിക്കാതെ ഇവർക്ക് കുടിവെള്ള ആവശ്യം നിറവേറില്ല. അഴിത്തല ആലിങ്കൽ ഭദ്രകാളി ക്ഷേത്രത്തിന് തെക്ക് ഭാഗത്തുള്ള 137 കുടുംബങ്ങളാണ് വേനലെന്നോ മഴക്കാലമെന്നോ വ്യത്യാസമില്ലാതെ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നത്.
2015 വരെ അഴിത്തല പ്രദേശം പടന്ന പഞ്ചായത്തിന്റെ ഭാഗമായിരുന്നു. പിന്നീട് അഴിത്തല നീലേശ്വരം നഗരസഭയിലുൾപ്പെടുത്തുകയായിരുന്നു. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 90 ലക്ഷം രൂപ ചെലവിട്ട് അഴിത്തല ജലനിധി കുടിവെള്ള പദ്ധതി നടപ്പിലാക്കിയെങ്കിലും അതും പ്രയോജനപ്പെട്ടില്ല. ഇവിടെ കിണർ കുഴിച്ച് ഉപ്പുവെള്ളം ശുദ്ധീകരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ആ പദ്ധതി പാഴായി. ഇപ്പോൾ കിണറും ടാങ്കും വെറുതെ കിടക്കുകയാണ്.
പിന്നീട് ആരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വേനൽക്കാലങ്ങളിൽ അത്യാവശ്യം നഗരസഭ വണ്ടിയിൽ കുടിവെള്ളം എത്തിക്കാറുണ്ട്. എന്നാൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ശാശ്വതമായ പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
സർവ്വത്ര ഉപ്പാണ്
പടിഞ്ഞാറ് അറബിക്കടലും തെക്ക് കിഴക്ക് ഭാഗം കാര്യങ്കോട് പുഴയോട് ചേർന്ന പ്രദേശവുമാണ്. കിണർ കുഴിച്ചാൽ ഇവിടെ വെറും ഉപ്പുവെള്ളമാണ്. ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച അഴിത്തല പ്രദേശത്ത് കുടിവെള്ള ക്ഷാമം പരിഹരിച്ചില്ലെങ്കിൽ അത് ഈ മേഖലയെയും സാരമായി ബാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
മഴക്കാലങ്ങളിൽ പ്ലാസ്റ്റിക്ക് കെട്ടി മഴവെള്ളം ശേഖരിച്ചാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്. മറ്റ് സമയങ്ങളിൽ തൊട്ടടുത്ത പ്രദേശത്ത് വാഹനങ്ങളിൽ പോയി വെള്ളം കൊണ്ടുവന്നാണ് പരിഹരിക്കുന്നത്.
വാർഡ് കൗൺസിലർ പി.കെ. ലത