ബാങ്കുകൾക്ക് പൊലീസിന്റെ ജാഗ്രതാ നിർദ്ദേശം
പഴയങ്ങാടി: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ മാടായി കോഴിബസാർ ശാഖയിലും മോഷണശ്രമം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മോഷണ ശ്രമം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. ശാഖയുടെ പ്രവേശന കവാടത്തിലെ ഇരുമ്പ് വാതിൽ ഭദ്രമായതിനാൽ ബാങ്കിന് പിറക് വശമുള്ള കോഴിക്കടയുടെ മുകളിലൂടെയാണ് ബാങ്ക് പ്രവർത്തിക്കുന്ന ഒന്നാംനിലയിൽ മോഷ്ടാവ് എത്തിയത്. ഒന്നാം നിലയിലെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് ബാങ്കിനകത്ത് കയറിയത്. ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
ഫയലുകൾ വാരിവലിച്ചിട്ട നിലയിലാണ്. ബാങ്ക് മാനേജർ നൽകിയ പരാതിയിൽ പഴയങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു. എസ്.ഐ കെ. ഷാജുവും സംഘവും സ്ഥലത്ത് എത്തി. പയ്യന്നൂർ ഡിവൈ.എസ്.പി ഇ. പ്രേമരാജൻ, പഴയങ്ങാടി സി.ഐ എ.ഇ രാജഗോപാൽ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. മോഷണശ്രമം നടത്തിയത് ഒരാളാണെന്ന് സി.സി ടി.വിയുടെ സഹായത്തോടെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള എല്ലാ ബാങ്കുകൾക്കും സെക്യൂരിറ്റി ഗാർഡിനെ നിയമിക്കാൻ പൊലീസ് രേഖാമൂലം നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസമാണ് ഇതിന് സമീപമുള്ള പുതിയങ്ങാടി മൊട്ടാമ്പ്രത്തെ മാടായി സർവീസ് സഹകരണ ബാങ്ക് ശാഖയിലും സമീപമുള്ള മൂന്ന് കടകളിലും മോഷണ ശ്രമം നടന്നത്. പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് പുതിയങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.