പഴയങ്ങാടി:എരിപുരം കെ .എസ് .ടി .പി റോഡിന് സമീപം ആൾത്താമസമില്ലാത്ത വീട്ടുവളപ്പിൽ തമ്പടിച്ച കാട്ടുപന്നിയെ വനം വകുപ്പ് അനുമതിയോടെ വെടിവച്ചുകൊന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായിരുന്നു. സമീപ പ്രദേശങ്ങളിൽ ഉൾപ്പെടെ വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് കാട്ടുപന്നിയെ വെടിവെച്ച് വീഴ്ത്തിയത്.
ഇരുട്ട് വീണാൽ റോഡിലൂടെ പോകുന്ന കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനക്കാർക്കും പന്നിയുടെ ശല്യം ഭീഷണിയായിരുന്നു. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷിന്റെ നേതൃത്വത്തിലാണ് പന്നിയെ വെടിവെച്ചത്.