തലശ്ശേരി: അന്യസംസ്ഥാനങ്ങളിലെ മൊത്ത കമ്പനികളും കേരളത്തിലെ മൊത്ത വിതരണക്കാരും ചേർന്ന് ഗ്ലാസ് ഇനങ്ങളുടെ വിൽപന മേഖലയിൽ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതിനാൽ സംസ്ഥാനത്തെ ഗ്ലാസ് വിൽപന രംഗം പ്രതിസന്ധിയിലായതായി കച്ചവടക്കാരുടെ സംഘടന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗ്ലാസുകൾക്ക് ആഴ്ചതോറും വില വർദ്ധിക്കുന്നതിന് കാരണം നാട്ടിലെ ചെറുകിട കച്ചവടക്കാരാണെന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇതേ തുടർന്ന് ഉപഭോക്താക്കൾ തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്ന് കേരള ഗ്ലാസ് ഡീലേഴ്സ് ഫോറം ജില്ലാ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഗ്ലാസ് നിർമ്മാണത്തിനാവാശ്യമായ അസംസ്‌കൃത വസ്തു സിലിക്കണിന് രാജ്യത്ത് ക്ഷാമമില്ല. എന്നിട്ടും അന്യായമായി വില കൂട്ടുകയാണ്. വിലക്കയറ്റത്തെ പിടിച്ചു നിർത്താൻ വിദേശ രാജ്യങ്ങളിൽ നിന്നും ഗ്ലാസ് ഇനങ്ങൾ ഇറക്കുമതി ചെയ്യാനാവും. എന്നാൽ വൻകിട കച്ചവടക്കാർ ഇതിന് അനുവദിക്കുന്നില്ല. തെറ്റായ നടപടിയിൽ പ്രതിഷേധിക്കാൻ 23 വരെ റീട്ടെയിൽ വ്യാപാരികൾ പ്രതിഷേധ വാരാചരണം നടത്തുന്നുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി മിർഷാദ്, ജില്ലാ പ്രസിഡന്റ് ടി.കെ. അബ്ദുൾ സലാം, സെക്രട്ടറി ഷാജി പിണക്കാട്ട്, എം.കെ. തൻവീർ, മുഹമ്മദ് ഗ്ലാസ്‌കോ, കെ.എം ഫസീൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.