തലശ്ശേരി: പുന്നോൽ പ്രദേശത്തുകാരുടെ ദശകങ്ങൾ നീളുന്ന മാക്കൂട്ടം-പാറാൽ റോഡിലെ റെയിൽവേ മേൽപ്പാലം എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. രണ്ടര വർഷത്തിനകം മേൽപ്പാലം യാഥാർത്ഥ്യമാകുമെന്ന് ഇന്ത്യൻ റെയിൽവേയുടേയും, സംസ്ഥാന സർക്കാരിന്റേയും സംയുക്ത സംരംഭമായ കേരള റെയിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.
ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സ്ഥലം അടയാളപ്പെടുത്തിക്കഴിഞ്ഞു.സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കും. നിർമ്മാണ ചെലവിന്റെ പകുതി വീതം സംസ്ഥാന സർക്കാരും, ഇന്ത്യൻ റെയിൽവേയും വഹിക്കും. 2018-19 വർഷത്തിൽ തന്നെ പാലത്തിനായി റെയിൽവേയുടെ അനുമതി ലഭിച്ചിരുന്നു. കേരളത്തിൽ നിർമ്മിക്കുന്ന 27 മേൽപ്പാലങ്ങളിൽ ഏഴെണ്ണം കണ്ണൂർ ജില്ലയിലാണ്. ഇതിൽ മാക്കൂട്ടം, കുഞ്ഞിമംഗലം, കണ്ണൂർ സൗത്ത് എന്നിവിടങ്ങളിലെ മേൽപ്പാലങ്ങളാണ് മുൻഗണനാ പട്ടികയിലുള്ളത്.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് റെയിൽവേ തൊഴിലാളികളുടെ നേതാവായി രാജ്യസഭാംഗമായിരുന്ന പുന്നോൽ സ്വദേശിയായിരുന്ന പി.കെ.കുമാരന്റെ പരിശ്രമസ്ഥലമായി അന്ന് പാസ്സാക്കിയെടുത്ത പ്രപ്പോസലാണ് ഇന്നിപ്പോൾ യാഥാർത്ഥ്യമാവാൻ പോവുന്ന പുന്നോൽ -പാറാൽ മാക്കൂട്ടം റെയിൽവേ ഓവർ ബ്രിഡ്ജ്.
എം.പ്രേമാനന്ദിന്റെ നേതൃത്വത്തിൽ പുന്നോൽ സൗഹൃദ വേദി പിന്നീട് മുൻ എം.പിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ, സംസ്ഥാന ആഭ്യന്തര മന്ത്രിയും സ്ഥലം എം.എൽ.എയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ, റെയിൽവേ മന്ത്രാലയം എന്നിവർക്ക് നിവേദനം സമർപ്പിക്കുകയും, തുടർ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു.