പയ്യാമ്പലം ശ്മശാനത്തിൽ വാതക ശ്മശാനം ഉപയോഗിക്കുന്നത് കൊവിഡ് മരണങ്ങൾക്ക് മാത്രം
കണ്ണൂർ: പയ്യാമ്പലം വാതക ശ്മശാനം പരമാവധി ഉപയോഗപ്പെടുത്തി മലിനീകരണം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ വാതക ശ്മശാനമുണ്ടെങ്കിലും കൂടുതൽ സംസ്കാരവും നടക്കുന്നത് തുറസ്സായ സ്ഥലത്ത് വിറകുകത്തിച്ചുകൊണ്ടാണ്. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹം മാത്രമാണിപ്പോൾ വാതക ശ്മശാനത്തിൽ സംസ്കരിക്കുന്നത്. ജൂലായ് 17 മുതലാണ് പയ്യാമ്പലത്ത് വാതക ശ്മശാനം ആരംഭിച്ചത്. ജൂലായ് 18 മുതൽ സെപ്തംബർ 23 വരെ 68 ദിവസം കൊണ്ട് വാതകശ്മശാനത്തിൽ നടന്നത് 57 മൃതദേഹങ്ങളുടെ സംസ്കാരം മാത്രം. പലതവണയായി വാതക ശ്മശാനം തകരാറിലായതിനാൽ പണി നിർത്തിവയ്ക്കേണ്ടിയും വന്നിട്ടുണ്ട്. ഇത്തരം ദിവസങ്ങളിലെല്ലാം ശവസംസ്കാരം നടന്നത് പഴയപടി തന്നെ.
വളരെ ദൂരെയുള്ള പഞ്ചായത്തുകളിൽ നിന്നുപോലും സംസ്കാര ചടങ്ങിനായി ആളുകൾ പയ്യാമ്പലത്തെത്തുന്നുണ്ട്. ഏകദേശം 45 ശതമാനം മൃതദേഹങ്ങളും കോർപ്പറേഷനു പുറത്തു നിന്നാണെത്തുന്നത്. 125 കോടി രൂപ ചെലവിൽ ചെന്നൈയിലെ എസ്കോ കമ്പനി നിർമ്മിച്ച വാതക ശ്മശാനത്തിൽ രണ്ടു ഫർണസുകളുണ്ട്. ഇവ രണ്ടും ഉപയോഗിച്ചാൽ ഏകദേശം എട്ട് മൃതദേഹങ്ങൾ ഒരു ദിവസം സംസ്കരിക്കാൻ കഴിയും. ഇങ്ങനെയായാൽ പാരമ്പര്യ രീതിയിലുള്ള വിറകുവച്ചുള്ള സംസ്കാരങ്ങൾ ഒഴിവാക്കാം. ജില്ലയിലെ തന്നെ മറ്റ് സ്ഥലങ്ങളിലെ വാതക ശ്മശാനങ്ങളിൽ മൃതദേഹങ്ങളെല്ലാം സംസ്കരിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വാതക ശ്മശാനം ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നത്.
മലിനീകരണം വൻതോതിൽ കുറയും
ഒരു മൃതദേഹം സംസ്കരിക്കാൻ 13.5 കിലോഗ്രാം എൽ.പി.ജിയാണ് വാതകശ്മശാനത്തിൽ വേണ്ടതെങ്കിൽ തുറന്ന സ്ഥലത്തുള്ള സംസ്കാരത്തിന് 200-300 കിലോഗ്രാം വിറകാണ് ആവശ്യം. വിറക് കത്തിക്കുമ്പോഴുണ്ടാകുന്ന കാർബൺ ഡൈ ഒാക്സൈഡിന്റെ അളവ് എൽ.പി.ജിയേക്കാൾ പത്ത് മടങ്ങ് കൂടുതലാണ്. ഒരു വർഷം പയ്യാമ്പലത്തെത്തുന്ന ഏകദേശം 2000 മൃതദേഹങ്ങൾ കത്തിക്കുന്നതിന് 400-500 ടൺ വിറക് ഉപയോഗിക്കുന്നു. ഒരു ദിവസം ശരാശരി ആറ് മൃതദേഹങ്ങളാണെത്തുന്നത്. കൊവിഡ് മരണങ്ങൾ കൂടിയ സമയത്ത് ഇത് എട്ടായിരുന്നു.
നിവേദനവുമായി പരിഷത്ത്
പയ്യാമ്പലത്തെ ശവസംസ്കാരത്തിലെ അശാസ്ത്രീയതയും വാതക ശ്മശാനത്തിന്റെ പ്രധാന്യവും ചൂണ്ടിക്കാട്ടി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ മേഖലയുടെ ആഭിമുഖ്യത്തിൽ മേയർ, പ്രതിപക്ഷ നേതാവ്, കളക്ടർ, എം.എൽ.എ എന്നിവർക്ക് നിവേദനം നൽകി.
ആവശ്യമായി വന്നാൽ റിപ്പോർട്ട് പരിശോധിച്ച് മറ്റ് നടപടികൾ സ്വീകരിക്കും.
ടി.ഒ. മോഹനൻ, കോർപ്പറേഷൻ മേയർ
കോടികൾ ചെലവാക്കിയാണ് വാതക ശ്മശാനം നിർമ്മിച്ചത്. ജില്ലയിൽ മറ്റിടങ്ങളിലെല്ലാം ഇത് ഫലപ്രദമായി ഉപയോഗിക്കുന്നു.
പി. ധർമ്മൻ, പരിസ്ഥിതി പ്രവർത്തകൻ