jal

പെരളശേരി: ഗ്രാമീണമേഖലയിൽ കുടിവെള്ളമെത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമായുള്ള ജൽജീവൻ മിഷന്റെ പേരിൽ വാട്ടർ അതോറിറ്റിയുടെ പകൽ കൊള്ള. പെരളശേരി സെക്ഷനു കീഴിൽ പുതുതായി കണക്ഷൻ ലഭിച്ചവർക്കാണ് ഇരുട്ടടി. ഏപ്രിൽ, മേയ് മാസങ്ങളിൽ കണക്ഷൻ കൊടുത്തവർക്ക് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ബിൽ നൽകിയത്. ഇതേ ബില്ലിനൊപ്പം എല്ലാവർക്കും പത്തു രൂപ പിഴ ചുമത്തിയത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ബി.പി.എൽ വിഭാഗത്തിന് സൗജന്യ നിരക്കിൽ കുടിവെള്ളമെത്തിക്കുന്ന ഈ പദ്ധതിയിൽ ജില്ലയിൽ ഇതിനകം 70,000 പേർക്ക് കണക്ഷൻ നൽകിയിട്ടുണ്ട്. ഏകദേശം രണ്ടായിരത്തോളം വരുന്ന പുതിയ ഗുണഭോക്താക്കളാണ് പെരളശേരി, പിണറായി പഞ്ചായത്തുകളിലുള്ളത്. സ്പോട്ട് ബില്ലറുടെ ഒപ്പോ ബില്ലിംഗ് ഓഫീസറുടെ സീലോ ഇല്ലാതെയാണ് ബിൽ നൽകിയിരിക്കുന്നത്. പിഴയെ കുറിച്ച് ചോദിക്കുമ്പോൾ മീറ്റർ റീഡിംഗ് എടുക്കാൻ ജീവനക്കാരില്ലാത്തതിനാലാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നാണ് വാട്ടർ അതോറിറ്റിയുടെ വിശദീകരണം.

കേരള വാട്ടർ അതോറിറ്റി അന്യമായി ഉപഭോക്താക്കൾക്ക് നൽകിയ ബിൽ തുക അസാധുവാക്കി കഴിഞ്ഞ ദിവസം ആലപ്പുഴ കോടതിയുടെ വിധി വന്നിരുന്നു. കുടിശിക തുക അവിശ്വസനീയമാണെന്നാണ് കോടതി വിലയിരുത്തിയത്. കുടൂതലായി വരുന്ന ബിൽതുക ഉപഭോക്താക്കൾ അടയ്ക്കേണ്ടതില്ലെന്നാണ് കോടതി വിധി.

പത്തുരൂപ കുറയ്ക്കാം, അമ്പതുരൂപ ചെലവാക്കണം

പരാതിയുള്ളവർക്ക് പെരളശേരി മൂന്നുപെരിയയിലെ അസിസ്റ്റന്റ് എൻജിനീയർ ഓഫീസിൽ വന്ന് പരിഹരിക്കാമെന്ന് അധികൃതർ പറയുന്നു. അപേക്ഷ നൽകിയാൽ അസിസ്റ്റന്റ് എൻജിനീയർ ഈ തുക ഒഴിവാക്കി തരുമെന്ന് ചുരുക്കം. ജൽജീവൻ കണക്ഷൻ എടുത്തവരിലേറെയും പാവപ്പെട്ട തൊഴിലാളികളാണ്. ഒരു ദിവസത്തെ ജോലിയും മാറ്റിവച്ച് വേണം ഓഫീസിലെത്താൻ. ബില്ലിൽ പത്ത് രൂപ കുറച്ച് കിട്ടാൻ അമ്പത് രൂപ യാത്രാചെലവും വേണം.

ജൽ ജീവൻ മിഷൻ

90 ശതമാനം തുക കേന്ദ്ര,​ സംസ്ഥാന സർക്കാരുകളും പത്തുശതമാനം ഗുണഭോക്തൃ വിഹിതവും എടുത്ത് മൂന്നുവർഷം കൊണ്ട് കേരളത്തിലെ 50 ലക്ഷം വരുന്ന മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കുന്ന പദ്ധതി