നീലേശ്വരം: വളം ഡിപ്പോകളിൽ രാസവളം കിട്ടാതായതോടെ കർഷകർ നെട്ടോട്ടമോടുന്നു. ജില്ലയിലെ സഹകരണ ബാങ്കിന് കീഴിലെ വളം ഡിപ്പോകളിൽ കഴിഞ്ഞ ഒരു മാസമായി രാസവളം എവിടെയും സ്റ്റോക്കില്ലാത്തതാണ് വളം കിട്ടാതായത്. പ്രധാന ഇനമായ ഫാക്ടംഫോസ്, 18-18 എന്നീ രാസവളങ്ങളാണ് ഇപ്പോൾ എവിടെയും സ്റ്റോക്കില്ലാത്തത്.
റബ്ബറിന് രണ്ടാം വളമായി ഇപ്പോൾ രാസവളം ചേർക്കേണ്ട സമയമാണ്.
റബ്ബറിന് കാര്യമായി വേണ്ടതും ഫാക്ടംഫോസാണ്. ഇത് കഴിഞ്ഞ ഒരു മാസമായി ഒരു ഡിപ്പോവിലും സ്റ്റോക്കില്ല താനും. തുലാവർഷാരംഭത്തിലാണ് റബ്ബർ കർഷകർ രണ്ടാം വളമായി രാസവളങ്ങൾ ചേർക്കാറ് പതിവ്. തുലാവർഷം കുറഞ്ഞാൽ പിന്നെ വളം ചേർക്കാൻ പറ്റാത്ത അവസ്ഥയുമാണ്. അതുപോലെ താഴ്ന്ന പ്രദേശങ്ങളിൽ തെങ്ങ്, കവുങ്ങ് എന്നിവക്കും കർഷകർ രാസവളങ്ങൾ ചേർക്കാറ് പതിവുണ്ട്.
കൃഷിഭവനുകളിൽ നിന്ന് കർഷകർക്ക് സബ്സിഡിയായി വളം വിതരണം ചെയ്യുന്നുണ്ട്. കർഷകർ സ്ലിപ്പുമായി വളം ഡിപ്പോകളിൽ ചെന്നാൽ വളമില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. വളംവാങ്ങിയ ബില്ലുമായി ചെന്നാൽ മാത്രമേ കൃഷിഭവനുകളിൽ നിന്ന് കർഷകർക്ക് സബ്സിഡി ലഭിക്കുകയുള്ളൂ. കർഷകർക്ക് പാസാക്കിയവളം വാങ്ങാനാവത്തതിനാൽ കൃഷിഭവനുകൾ ഇപ്പോൾ തീയതിയും നീട്ടിയിരിക്കയാണ്. കേന്ദ്ര സർക്കാർ അലോട്ട്മെന്റ് പാസാവാത്തിനാലാണ് ജില്ലയിൽ രാസവളത്തിന് ക്ഷാമം നേരിട്ടതെന്ന് പറയുന്നു. കഴിഞ്ഞ ഒരു മാസമായി നീലേശ്വരം സർവീസ് സഹകരണ ബാങ്ക് വളം ഡിപ്പോവിൽ ഫാക്ടംഫോസ് കിട്ടാതായിട്ടെന്ന് ഡിപ്പോ മാനേജർ രാധാകൃഷ്ണൻ പറഞ്ഞു. തുലാവർഷം മാറിയാൽ പിന്നെ വളം കിട്ടിയിട്ട് പ്രയോജനവുമുണ്ടാവില്ലെന്ന് കർഷകരും പറയുന്നു.